പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ചട്ടംലംഘിച്ച് 30 കോടിയുടെ സര്‍ക്കാര്‍ സഹായം
പലതും കോടികള്‍ നഷ്ടമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍
ബാസിത് ഹസന്‍
തൊടുപുഴ: കൊവിഡ് മൂലം സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കടക്കം ഫണ്ടനുവദിച്ച് സര്‍ക്കാര്‍. 26 പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 30 കോടി രൂപ അനുവദിച്ച് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍ ഉത്തരവ് പുറപ്പെടുവിച്ചു. സേവന മേഖലയിലുള്ള പൊതുമേലാ സ്ഥാപനങ്ങള്‍ക്ക് മാത്രം അത്യാവശ്യ തുക അനുവദിച്ച് മറ്റു സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നത് ചുരുങ്ങിയത് ആറ് മാസത്തേക്കെങ്കിലും നിര്‍ത്തിവെക്കണമെന്ന ധനവകുപ്പ് നിര്‍ദേശം നിലനില്‍ക്കെയാണ് നടപടി.
അവസാന മൂന്ന് സാമ്പത്തിക വര്‍ഷവും റെക്കോര്‍ഡ് നഷ്ടമുണ്ടാക്കിയ കേരള സ്‌റ്റേറ്റ് ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷനു മൂന്നു കോടി രൂപയാണ് ഫണ്ട് നല്‍കുന്നത്. വര്‍ഷം രണ്ട് കോടി മുതല്‍ ആറ് കോടി രൂപ വരെ നഷ്ടം തുടര്‍ച്ചയായി ഉണ്ടാക്കുന്ന ടെക്‌സ്‌ഫെഡിനു കീഴിലുള്ള സ്പിന്നിങ് മില്ലുകള്‍ക്ക് 3.25 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സഹകരണ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഈ മില്ലുകള്‍ക്കെതിരേ ഗുരുതരമായ ന്യൂനതകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പല പൊതുമേഖലാ സ്ഥാപനങ്ങളും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ധനസഹായം നേടിയെടുത്തത്.
ട്രാവന്‍കൂര്‍ സിമന്റ്‌സ് 2 കോടി, കേരള മിനറല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ 0.5, കെല്‍ 3, ട്രാക്കോ കേബിള്‍ 3, യുനൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് 1.5, ഓട്ടോകാസ്റ്റ് 2, കേരള ഓട്ടോമൊബൈല്‍സ് 2, സെയില്‍ 1, മെറ്റല്‍ ഇന്‍ഡസ്ട്രീസ് 1, കേരള സ്‌റ്റേറ്റ് ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്‍ 3, സീതാറാം ടെക്‌സ്റ്റൈല്‍സ് 0.5, ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍ 0.5, ആലപ്പി സ്പിന്നിങ് മില്‍ 0.5, കൊയ്‌ലോണ്‍ സ്പിന്നിങ് മില്‍ 0.5, തൃശൂര്‍ സ്പിന്നിങ് മില്‍ 0.5, മലപ്പുറം സ്പിന്നിങ് മില്‍ 0.5, കണ്ണൂര്‍ സ്പിന്നിങ് മില്‍ 0.5, മാല്‍ക്കോടെക്‌സ് 0.5, പ്രിയദര്‍ശിനി സ്പിന്നിങ് മില്‍ 0.5, കരുണാകരന്‍ സ്മാരക സ്പിന്നിങ് മില്‍ 0.25, കേരള ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് 0.75, ഹാന്റിക്രാഫ്റ്റ്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ 1.5, ബാംബൂ കോര്‍പ്പറേഷന്‍ 1.5, കെല്‍പാം 0.25, എഫ്.ഐ.ടി 0.75, കെ.എസ്.ഐ.ഡി.സി 1.5 കോടി എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."