സിസ്റ്റര്‍ ലൂസി കളപ്പുരക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. കാരയ്ക്കാമല മഠത്തിനുള്ളില്‍ സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്ന ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 10 ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും. കാരയ്ക്കാമല മഠത്തില്‍ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറില്‍ നിന്നടക്കം ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സിസ്റ്റര്‍ ലൂസി ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാന സര്‍ക്കാര്‍, ഡി.ജി.പി, വയനാട് എസ്.പി, വെള്ളമുണ്ട പൊലിസ് സ്‌റ്റേഷന്‍ ഓഫിസര്‍, എഫ്.സി.സി സൂപ്പീരിയര്‍ ജനറല്‍ സി.ആന്‍ ജോസഫ്, കാരയ്ക്കാമല എഫ്.സി.സി മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിജി മരിയ, മാനന്തവാടി രൂപത പി.ആര്‍.ഒ ഫാ.നോബിള്‍ തോമസ്, കാരയ്ക്കാമല വികാരിയായിരുന്ന ഫാ.സ്റ്റീഫന്‍ കോട്ടയ്ക്കല്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് സിസ്റ്റര്‍ ലൂസി കോടതിയെ സമീപിച്ചത്.
കാരയ്ക്കാമല പള്ളി വികാരിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ തനിക്കെതിരേ സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും ഭീഷണി ഉയര്‍ന്നിരുന്നുവെന്ന് സിസ്റ്റര്‍ ലൂസി പരാതിയില്‍ പറഞ്ഞിരുന്നു. മഠത്തിനുള്ളില്‍ ഒറ്റപ്പെടുത്തുകയും ഭക്ഷണം പോലും നിഷേധിക്കുകയും ചെയ്തു. ഇതു കാണിച്ച് പൊലിസില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."