കോണ്‍ഗ്രസും പ്രത്യയശാസ്ത്ര ദാരിദ്ര്യവും
ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും ഊര്‍ജസ്രോതസാണ് അതിന്റെ പ്രത്യയശാസ്ത്രം. പ്രവര്‍ത്തനോന്മുഖമായ ചിന്താപദ്ധതിയാണത്. പ്രത്യയശാസ്ത്രങ്ങള്‍ക്ക് താത്വികവും പ്രായോഗികവുമായ രണ്ടു തലങ്ങളുണ്ട്. രാഷ്ട്രീയ വ്യവഹാരത്തിന്റെ ദീര്‍ഘകാല-ഹ്രസ്വകാല ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതില്‍ പ്രത്യയശാസ്ത്രങ്ങള്‍ക്ക് വലിയ പങ്കുണ്ട്. രാഷ്ട്രതന്ത്രശാസ്ത്ര അക്കാദമിക രംഗത്ത് ശ്രദ്ധേയനായ ആന്‍ഡ്രൂ ഹെയ്വുഡ് തന്റെ 'പൊളിറ്റിക്കല്‍ ഐഡിയോളജിസ് ' എന്ന ഗ്രന്ഥത്തില്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ പ്രായോഗിക പ്രസക്തിയെ പറ്റി ഇങ്ങനെ പ്രസ്താവിക്കുന്നുണ്ട്:
''രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ വ്യക്തികളെ അവരുടെ പരിമിതമായ പരിസരങ്ങള്‍ക്ക് അപ്പുറത്തേക്ക് വിശ്വസിക്കാന്‍ പ്രാപ്തരാക്കുന്നു. ജനങ്ങളുടെ വ്യക്തിപരമായ ആഖ്യാനങ്ങള്‍ അര്‍ഥപൂര്‍ണമാകുന്നത് അവ വിശാലമായ ചരിത്രപരമായ ആഖ്യാനങ്ങള്‍ക്കുള്ളില്‍ സ്ഥാപിതമാകുമ്പോള്‍ മാത്രമാണ്. അതുകൊണ്ടു തന്നെ പ്രത്യയശാസ്ത്രാനന്തര കാലം പ്രതീക്ഷകളും ഭാവനാപരമായ ഉള്‍ക്കാഴ്ചയും ഇല്ലാത്ത കാലമായി മാറുന്നു. സമകാലിക ലോകത്തെ പ്രത്യയശാസ്ത്രം ചോര്‍ന്നുപോയ കക്ഷിരാഷ്ട്രീയത്തിനു ലക്ഷ്യവും ദിശാബോധവും നഷ്ടപ്പെടുകയും താങ്കളുടെ അണികള്‍ക്ക് വൈകാരികമായ മമതാബന്ധം പ്രദാനം ചെയ്യുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. പാര്‍ട്ടികള്‍ അവരുടെ ഉല്‍പന്നങ്ങളായ നയങ്ങളെയും നേതാക്കളെയുമാണ് വിപണനം ചെയ്യുന്നത്. സ്വപ്നങ്ങളെയും പ്രതീക്ഷകളെയുമല്ല, ഇതു പാര്‍ട്ടികളുടെ അംഗത്വത്തിലും വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് പങ്കാളിത്തത്തിലും ഇടിവുവരുത്തുന്നു. ഈ ഒറ്റ കാരണം കൊണ്ടുതന്നെ രാഷ്ട്രീയ പ്രത്യയശാസ്ത്രം അവസാനിക്കാത്ത പ്രക്രിയയായി തുടര്‍ന്നുകൊണ്ടേയിരിക്കും''.
1960ല്‍ തന്നെ ഡാനിയേല്‍ ബെല്‍ 'ദി എന്‍ഡ് ഓഫ് ഐഡിയോളജി' എന്ന കൃതിയില്‍ പ്രത്യയശാസ്ത്രം എന്ന ബ്രഹദാഖ്യാനത്തിന്റെ അന്ത്യം പ്രവചിച്ചിരുന്നു. 1989ല്‍ അമേരിക്കന്‍ ചിന്തകനായ ഫ്രാന്‍സിസ് ഫുകുയാമ തന്റെ 'എന്‍ഡ് ഓഫ് ഹിസ്റ്ററി' എന്ന പ്രബന്ധത്തില്‍, കമ്മ്യൂണിസത്തിന്റെ പതനത്തോടെ, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ സംഘര്‍ഷത്തില്‍ ലിബറല്‍ ഡെമോക്രസി അന്തിമവിജയം നേടിയെന്ന് അവകാശപ്പെടുകയുണ്ടായി. എന്നാല്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ കാലോചിതമായി പുനര്‍നിര്‍വചനത്തിനും സ്വയം നവീകരണത്തിനും പരിണാമത്തിനും വിധേയമാകാറുണ്ട്. അതിനാല്‍ സോഷ്യല്‍ ഡെമോക്രസി, ലിബറലിസം തുടങ്ങിയ സമകാലിക ലോകത്ത് പ്രബലമായ പ്രത്യയശാസ്ത്രങ്ങളും മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്നു. തേര്‍ഡ് വേ പോലുള്ള ആശയങ്ങള്‍ പാശ്ചാത്യലോകത്തും പോസ്റ്റ്ഇസ്‌ലാമിസം പോലുള്ള പ്രത്യയശാസ്ത്രങ്ങള്‍ പൗരസ്ത്യ ലോകത്തും ഉരുവം കൊള്ളുന്നു. ഇതെല്ലാം അടിവരയിട്ടു പറയുന്ന വസ്തുത, രാഷ്ടീയ വ്യവഹാരത്തില്‍ പ്രത്യയശാസ്ത്രം ഇന്നും പ്രസക്തമാണ് എന്നതാണ്.
സമകാലീന ഇന്ത്യയില്‍ ഏറ്റവും സ്വാധീനവും കരുത്തുമുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രം സംഘ്പരിവാര്‍ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വമാണ്. ഹിന്ദുത്വം എന്നത് നാസിഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഇന്ത്യന്‍ പതിപ്പ് മാത്രമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഇടതുപക്ഷ ആശയങ്ങളാണ്. എന്നാല്‍ ഹിന്ദുത്വം ഒരു വലതുപക്ഷ പ്രത്യയശാസ്ത്രം എന്ന നിലയില്‍ ശാസന, വാഴ്ച, അധികാരശ്രേണി (ീൃറലൃ, മൗവേീൃശ്യേ, വശലൃമൃരവ്യ) എന്നീ ആശയങ്ങളില്‍ ഊന്നിയതാണ്. അതിനാല്‍ തന്നെ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ആശയ സഞ്ചയത്തിന്റെ എതിര്‍ദിശയിലാണ് ഹിന്ദുത്വത്തിന്റെ സ്ഥാനം. യുക്തിവിരുദ്ധത, യുദ്ധാസക്തി, വംശീയവാദം, സാംസ്‌കാരിക ദേശീയവാദം, വരേണ്യവാദം, അസമത്വം, പുരുഷമേധാവിത്വം, ജനാധിപത്യവിരുദ്ധത, അതിദേശീയത, അമാനുഷിക പരിവേഷമുള്ള നേതാവ് എന്ന സങ്കല്‍പം, ക്രോണി ക്യാപിറ്റലിസം തുടങ്ങിയ ഫാസിസ്റ്റ് സ്വഭാവങ്ങളെല്ലാം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ അന്തര്‍ലീനമാണ്.
ഫാസിസം മുന്നോട്ടുവയ്ക്കുന്ന ചിന്താസരണിയെ പ്രതിരോധിക്കേണ്ടത് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെയും ഇന്ത്യന്‍ ഭരണഘടനയുടെയും ആശയങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെയാണ്. ദേശീയ പ്രസ്ഥാനത്തിനും ഭരണഘടനാ നിര്‍മാണത്തിനും നേതൃത്വം നല്‍കിയത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ആയതിനാല്‍ അവയുടെ ആശയപരമായ അടിത്തറ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം തന്നെയായിരുന്നു. യൂറോപ്യന്‍ ജ്ഞാനോദയത്തില്‍ നിന്നുത്ഭവിച്ച ജനാധിപത്യം, ഭരണഘടനാവാദം, വ്യക്തി സ്വതന്ത്ര്യത്തിന്റെ മഹനീയത, ലിംഗസാമൂഹ്യസമത്വം, മതേതരത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങളാണ് ദേശീയ പ്രസ്ഥാനത്തിനെ പ്രചോദിച്ചത്. ഈ ആശയങ്ങളാണ് ഇന്ത്യന്‍ ഭരണഘടനയിലൂടെ പൂര്‍ണത പ്രാപിച്ചത്. ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യ പഥികരായ നേതാക്കള്‍ ക്ലാസിക്കല്‍ ലിബറല്‍ ആശയങ്ങളാല്‍ പ്രചോദിതരായിരുന്നു. എന്നാല്‍ പിന്നീട് ഉയര്‍ന്നുവന്ന ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നേതാക്കള്‍ സോഷ്യലിസ്റ്റ് ആശയധാരയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഈ ചിന്താധാര പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയായി രൂപംകൊണ്ടു. ലിബറല്‍, സോഷ്യലിസ്റ്റ് ആശയങ്ങളുടെ സങ്കരപ്രത്യയശാസ്ത്രമായ സോഷ്യല്‍ ഡെമോക്രസിയാണ് കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രഭൂമികയെന്ന് പറയാം.
സോഷ്യല്‍ ഡെമോക്രസി, സ്വാതന്ത്ര്യ വിപണി എന്ന മുതലാളിത്ത ആശയത്തെ തള്ളിക്കളയുന്നില്ല. എന്നാല്‍ അതിനെ മാനുഷികവല്‍ക്കരിക്കുക എന്നതാണ് സോഷ്യല്‍ ഡെമോക്രസി മുന്നോട്ടുവയ്ക്കുന്ന നിലപാട്. സോഷ്യല്‍ ഡെമോക്രസിയുടെ താത്വിക അടിത്തറ ഏറെക്കുറെ ധാര്‍മികതയില്‍ ഊന്നിയതാണ്. അപരനോടുള്ള അനുകമ്പയാണ് സോഷ്യലിസത്തെ മുതാളിത്തത്തേക്കാള്‍ മേന്മയുള്ളതാക്കുന്നത് എന്നതാണ് സോഷ്യല്‍ ഡെമോക്രാറ്റുകളുടെ വാദം. ഈ ആശയധാരക്ക് ഗാന്ധിയന്‍ ചിന്തയുമായി ഏറെ അടുപ്പമുണ്ട്. ലിബറലിസത്തിന്റെ ലെയ്‌സെ ഫെയര്‍ സാമ്പത്തിക ശാസ്ത്രത്തിനും കമ്മ്യൂണിസത്തിന്റെ വിപ്ലവ മാര്‍ഗത്തിനുമിടയില്‍ ഒരു മധ്യമമാര്‍ഗമാണ് സോഷ്യല്‍ ഡെമോക്രസി സ്വീകരിക്കുന്നത്. സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളില്‍ സോഷ്യല്‍ ഡെമോക്രസി വിജയകരമായി പരീക്ഷിക്കപ്പെടുകയുണ്ടായി. ക്ഷേമ രാഷ്ട്രസങ്കല്‍പ്പവും ജനാധ്യപത്യവും സോഷ്യല്‍ ഡെമോക്രസിയുടെ മുഖമുദ്രയാണ്.
സ്വാതന്ത്ര്യത്തിനു ശേഷം കോണ്‍ഗ്രസ്, 1955ലെ അവാഡി സമ്മേളനത്തില്‍ സോഷ്യലിസം തങ്ങളുടെ സാമ്പത്തിക അജന്‍ഡയായി പ്രഖ്യാപിക്കുകയുണ്ടായി. നെഹ്രുവിയന്‍ സോഷ്യലിസം എന്നത് സോഷ്യല്‍ ഡെമോക്രസിയുടെ ഇന്ത്യന്‍ പതിപ്പായിരുന്നു. ബാങ്ക് ദേശസാത്കരണം, പ്രിവി പേഴ്‌സ് നിരോധനം തുടങ്ങിയ സോഷ്യലിസ്റ്റ് അജന്‍ഡകള്‍ ഇന്ദിര ഗാന്ധിയും പിന്തുടര്‍ന്നു. എന്നാല്‍ കോണ്‍ഗ്രസ്, നരസിംഹറാവു, മന്‍മോഹന്‍ സിങ് മോഡല്‍ എന്ന ലിബെര്‍ട്ടറിയന്‍ സാമ്പത്തിക നയം സ്വീകരിച്ചതോടെ നെഹ്രുവിയന്‍ സോഷ്യലിസം ഉപേക്ഷിക്കപ്പെട്ടു. ഇന്ന് ഇന്ത്യയുടെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ നടമാടുന്ന സര്‍വ പ്രതിസന്ധികളുടെയും മൂലഹേതുകളില്‍ ഒന്ന് ഈ ലിബെര്‍ട്ടറിയന്‍ സാമ്പത്തിക നയമാണ്. ഭയാനകമായ സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ അസമത്വത്തിന് ഇതു കാരണമായി. ഇതോടൊപ്പം തന്നെ കോണ്‍ഗ്രസിനു അതിന്റെ പ്രത്യയശാസ്ത്ര അടിത്തറ പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്തു. പ്രത്യയശാസ്ത്ര പാപ്പരത്തം ബാധിച്ച മിക്ക രാഷ്ട്രീയ പാര്‍ട്ടികളും പേഴ്‌സനാലിറ്റി കള്‍ട്ടുകളോ കുടുംബ സംരംഭങ്ങളോ ആയി പരിണമിക്കുന്നത് ഒരു രാഷ്ട്രീയപ്രകൃതി നിയമമാണ്. ദ്രവിഡ പാര്‍ട്ടികള്‍ക്ക് സംഭവിച്ചത് ഇതായിരുന്നു. കോണ്‍ഗ്രസിനും ഇതു തന്നെ സംഭവിച്ചു. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര പാപ്പരത്തം സൃഷ്ടിച്ച ശൂന്യതയിലാണ് ഫാസിസത്തിന്റെ വിഷാണുക്കള്‍ പെറ്റുപെരുകിയത്.
ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഘ്പരിവാറിനുള്ള മേല്‍ക്കൈ അവര്‍ക്ക് സുദൃഢമായ ഒരു പ്രത്യയശാസ്ത്രമുണ്ട് എന്നതാണ്. ആ പ്രത്യയശാസ്ത്രം അങ്ങേയറ്റം പ്രതിലോമപരവും രാഷ്ട്രവിരുദ്ധവുമാണ് എന്നത് മറ്റൊരു കാര്യം. പ്രത്യയശാസ്ത്രം അവര്‍ക്ക് വ്യക്തമായ ലക്ഷ്യബോധവും അണികള്‍ക്കിടയില്‍ വൈകാരികമായ കെട്ടുറപ്പും പ്രദാനം ചെയ്യുന്നു. രാഷ്ട്രഗാത്രത്തിന്റെ സര്‍വകോശങ്ങളിലും ഫാസിസ്റ്റ് വിഷം പ്രസരിപ്പിക്കുന്നതില്‍ സംഘ്പരിവാര്‍ വിജയിച്ചു കഴിഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട വ്യവസ്ഥാപിതമായ പ്രവര്‍ത്തനത്തിലൂടെയാണ് ഇതു സാധ്യമാക്കിയത്. ബ്രാഹ്മണിസത്തില്‍ ഊന്നിയ ഒരു രാഷ്ട്രവും സമൂഹവ്യവസ്ഥയും കെട്ടിപ്പടുക്കുകയെന്നതാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ലക്ഷ്യം. അംബേദ്കര്‍ ചൂണ്ടിക്കാണിച്ചതു പോലെ ബ്രാഹ്മണിസം എന്നാല്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ നിരാകരണമാണ്. ദേശീയ പ്രസ്ഥാനത്തിന്റെയും ഭരണഘടനയുടെയും ആത്മാവായ ഈ തത്വങ്ങളെ ഹിന്ദുത്വം ക്രമാനുഗതമായി തുടച്ചുനീക്കിയപ്പോള്‍, അവയെ സംരക്ഷിക്കേണ്ട കോണ്‍ഗ്രസ് അധികാര രാഷ്ട്രീയത്തിന്റെ ലഹരിയില്‍ സുഖനിദ്രയിലാണ്ടു.
പ്രൊഫ. ശംസുല്‍ ഇസ്‌ലാം തന്റെ 'ഹിന്ദു നാഷനലിസം ആന്‍ഡ് രാഷ്ട്രീയ സ്വയം സേവക് സംഘ് ' എന്ന കൃതിയില്‍ സംഘിന്റെ പോഷക സംഘടനകളായ 37 സംഘടനകളുടെ പട്ടിക അവതരിപ്പിക്കുന്നുണ്ട്. അവയില്‍ വിദ്യാ ഭാരതി, അഖില ഭാരതീയ ശിക്ഷക് മഹാസംഘ്, ഭാരതീയ ശിക്ഷാ മണ്ഡല്‍, ദീന്‍ ദയാല്‍ ശോധ് സന്‍സ്ഥാന്‍, ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജന, സംസ്‌കൃത ഭാരതി, അഖില ഭാരതീയ സാഹിത്യ പരിഷത്ത്, വിഗ്യാന്‍ ഭാരതി, ഭാരത് പ്രകാശന്‍ തുടങ്ങിയ സംഘടനകള്‍ സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇത്തരം സ്ഥാപനങ്ങളിലൂടെയാണ് സംഘ് അതിന്റെ പ്രത്യയശാസ്ത്രം സമൂഹ സിരകളിലേക്ക് സന്നിവേശിപ്പിച്ചത്. ഇന്ത്യയിലെ ഗ്രാമാന്തരങ്ങളില്‍ ദിനേന പ്രവര്‍ത്തനനിരതമാകുന്ന ശാഖകള്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ഇന്ത്യയിലെ മുക്കിലും മൂലയിലും എത്തിച്ചു. ഈ പ്രതിലോമപരമായ പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാന്‍ ചരിത്രപരമായ ബാധ്യതയുള്ള കോണ്‍ഗ്രസാകട്ടെ സാംസകാരിക-വിദ്യാഭ്യാസ മേഖലകളെ പറ്റി ചിന്തിച്ചതേയില്ല. കോണ്‍ഗ്രസ് അതിന്റെ പ്രത്യയശാസ്ത്ര അടിത്തറയെ പാടെ അവഗണിക്കുകയും ആശയപ്രചാരണത്തിനുള്ള സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ അക്ഷന്തവ്യമായ ഉപേക്ഷ കാണിക്കുകയും ചെയ്തു.
ഫാസിസത്തിനുള്ള മറുമരുന്ന് ദേശീയ പ്രസ്ഥാനവും ഭരണഘടനയും മുന്നോട്ടുവയ്ക്കുന്ന സോഷ്യല്‍ ഡെമോക്രസിയുടെ പ്രത്യയശാസ്ത്രമാണ്. സോഷ്യല്‍ ഡെമോക്രസിയുടെ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സേവാദള്‍ പോലുള്ള കോണ്‍ഗ്രസിന്റെ സന്നദ്ധ സംഘടനകളെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. എന്‍.എസ് ഹാര്‍ദികര്‍, കമലാദേവി ചതോപധ്യായ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ 1924ല്‍ രൂപം കൊണ്ട സേവാദള്‍ ആദ്യകാലത്ത് ഒരു സൈനിക സ്വഭാവമുള്ള സന്നദ്ധ സംഘടനയായിരുന്നു. ഹാര്‍ദികര്‍ സേവാദള്‍ വളണ്ടിയര്‍മാര്‍ക്ക് ശാരീരിക പരിശീലനം നല്‍കാന്‍ ഒരു സ്ഥാപനം തന്നെ തുടങ്ങുകയുണ്ടായി. ആര്‍.എസ്.എസിന് ബദലായി തൃണമൂലതലത്തില്‍ ആശയപ്രചാരണവും ബഹുജനസമ്പര്‍ക്കവും നടത്താന്‍ സേവാദളിനെ സജ്ജമാക്കണം.
സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ രാഷ്ട്രീയ സമരത്തോടൊപ്പം സാമൂഹ്യ പരിഷ്‌കാരത്തിനും കോണ്‍ഗ്രസ് തുല്യപ്രാധാന്യം നല്‍കിയിരുന്നു. സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ ഇന്ത്യന്‍ സോഷ്യല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തിച്ചിരുന്നു. കോണ്‍ഗ്രസ് സമ്മേളനം നടക്കുന്ന അതേ സ്ഥലത്തു തന്നെ കോണ്‍ഫറന്‍സിന്റെയും സമ്മേളനം നടത്തിയിരുന്നു. സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരായ ഈ പ്രസ്ഥാനം സ്വാതന്ത്ര്യാനന്തര കാലത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിനും അധികാരരാഷ്ട്രീയത്തിനുമപ്പുറം ഒരു സാമൂഹ്യ നവോത്ഥാന പ്രസ്ഥാനമായി വീണ്ടും കോണ്‍ഗ്രസ് മാറേണ്ടതുണ്ട്. ഹിന്ദുത്വം മുന്നോട്ടുവയ്ക്കുന്ന പ്രതിലോമപരമായ സാമൂഹ്യവീക്ഷണത്തെ നേരിടാന്‍ ഇതാവശ്യമാണ്. നെഹ്‌റു പ്രചരിപ്പിച്ച ശാസ്ത്രബോധവും യുക്തിചിന്തയും കോണ്‍ഗ്രസ് ഏറ്റെടുക്കണം.
അന്തര്‍ദേശീയ തലത്തില്‍ ഹിന്ദുത്വത്തോട് സാമ്യതയുള്ള വലതുപക്ഷ അതോറിറ്റേറിയന്‍ പോപ്പുലിസ്റ്റ് പാര്‍ട്ടികള്‍ വന്‍മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ്, ബ്രസീലില്‍ ജൈര്‍ ബോള്‍സൊനോറോ തുടങ്ങിയ നേതാക്കളും ഫ്രാന്‍സിലെ നാഷനല്‍ ഫ്രണ്ട്, ഓസ്ട്രിയയിലെയും നെതര്‍ലാന്‍ഡിലെയും ഫ്രീഡം പാര്‍ട്ടി, ഇറ്റലിയിലെ ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ്, ജര്‍മനിയിലെ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഈ വലതുപക്ഷ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ ലോകമെങ്ങുമുള്ള സോഷ്യല്‍ ഡെമോക്രസിയില്‍ വിശ്വസിക്കുന്ന പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതുണ്ട്. ഇതിനായി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളുടെ സാര്‍വദേശീയ കൂട്ടായ്മയായ സോഷ്യലിസ്റ്റ് ഇന്റര്‍നാഷനലിനെ ഊര്‍ജസ്വലമാക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണം. 2014ലാണ് 154 അംഗങ്ങളുള്ള ഈ കൂട്ടായ്മയില്‍ കോണ്‍ഗ്രസ് പൂര്‍ണാംഗത്വം നേടിയത്. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന് ഇതില്‍ നേതൃത്വപരമായ പങ്കു വഹിക്കാനാകും.ഇന്ത്യന്‍ രാഷ്ട്രഗാത്രത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ഉച്ചാടനം ചെയ്യാനുള്ള ഏക മറുമരുന്ന് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെയും ഭരണഘടനയുടെയും ആശയങ്ങള്‍ രാഷ്ട്രഗാത്രത്തില്‍ പുനഃസന്നിവേശിപ്പിക്കുക എന്നത് മാത്രമാണ്. ഇതു നിര്‍വഹിക്കാനുള്ള ചരിത്രപരമായ ബാധ്യത കോണ്‍ഗ്രസിനുണ്ട്. അതു ചെയ്യാതെയുള്ള പാര്‍ലിമെന്ററി രാഷ്ട്രീയവും തെരഞ്ഞെടുപ്പ് വിജയങ്ങളും നിഷ്ഫലമായിരിക്കും. ദേശീയ-അന്തര്‍ദേശീയ രംഗങ്ങളില്‍ നിര്‍വഹിക്കേണ്ട ഈ ദൗത്യം കോണ്‍ഗ്രസ് ചെയ്തില്ലെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ അതിവിദൂരഭാവിയില്‍ ആ പാര്‍ട്ടി അപ്രസക്തമാകും. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങളിലൂന്നിയ ജനാധിപത്യമതേതര ഇന്ത്യ എന്ന സങ്കല്‍പ്പം അപ്രത്യക്ഷമാവുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."