സാക്കിര്‍ നായികിനെ വിട്ടുനല്‍കില്ലെന്ന് ആവര്‍ത്തിച്ച് മലേഷ്യ
ക്വാലാലംപൂര്‍: പ്രമുഖ സലഫി പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യക്കു വിട്ടുനല്‍കില്ലെന്ന് ആവര്‍ത്തിച്ച് മലേഷ്യ. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദാണു നിലപാടു വ്യക്തമാക്കി വീണ്ടും രംഗത്തെത്തിയത്.
ഇന്ത്യ ആവശ്യപ്പെടുന്നതു കൊണ്ടു മാത്രം അദ്ദേഹത്തെ അത്രയെളുപ്പം കൈമാറാനാകില്ല. ഇന്ത്യയുടെ ആവശ്യം പരിഗണിക്കുന്നതിനു മുന്‍പ് എല്ലാ ഘടകങ്ങളും പരിശോധിച്ചു വരികയാണ്. മറിച്ചുള്ള നടപടി ഒരാളെ ഇരയാക്കാനേ സഹായിക്കു-മഹാതീര്‍ വ്യക്തമാക്കി. സാക്കിര്‍ നായികിനെ ഇന്ത്യക്ക് കൈമാറണമെന്ന് ഭരണകക്ഷിയിലെ ആരെങ്കിലും ആവശ്യപ്പെടുന്നുണ്ടോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മലേഷ്യന്‍ പ്രധാനമന്ത്രി.
സാക്കിര്‍ നായിക്കിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തെയും മലേഷ്യ തള്ളിയിരുന്നു. ഇതുവരെ സാക്കിര്‍ നായിക് ഒരുപ്രശ്നവും ഉണ്ടാക്കിയിട്ടില്ലെന്നും സ്ഥിരം പൗരത്വം ഉള്ളതിനാല്‍ അദ്ദേഹത്തെ ഇന്ത്യക്കു വിട്ടുതരാനാവില്ലെന്നുമാണ് മഹാതീര്‍ മുഹമ്മദ് നേരത്തെ വ്യക്തമാക്കിയത്. സാക്കിര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ മലേഷ്യയോട് അപേക്ഷിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചതിനുപിന്നാലെയാണ് മഹാതീര്‍ മുഹമ്മദിന്റെ പ്രസ്താവന. ഇന്ത്യയില്‍ തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ സാക്കിര്‍ നായിക്കിനെ വിട്ടുകിട്ടണമെന്നായിരുന്നു വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."