ആന്ധ്ര 100 കോടി പിഴയടക്കണം
ന്യൂഡല്‍ഹി: സംസ്ഥാനത്തെ അനധികൃത മണല്‍ ഖനനം തടയാന്‍ നടപടി സ്വീകരിക്കാത്തതിന് ആന്ധ്രപ്രദേശ് സര്‍ക്കാരിന് ദേശീയ ഹരിത ട്രിബ്യൂണല്‍(എന്‍.ജി.ടി) 100 കോടി രൂപ പിഴ വിധിച്ചു. എന്‍.ജി.ടി ചെയര്‍പേഴ്‌സന്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗേല്‍ അധ്യക്ഷനായ ബെഞ്ച് അനധികൃതമായ എല്ലാ മണല്‍ഖനനവും നിര്‍ത്തിവെക്കാന്‍ ആന്ധ്ര ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
പ്രകൃതിവിഭവങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം ഒരുക്കുകയെന്നത് സര്‍ക്കാറിന്റെ ചുമതലയാണെന്ന് ഹരിത ട്രിബ്യൂണല്‍ ഓര്‍മിപ്പിച്ചു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സൗജന്യമായി മണല്‍ നല്‍കാനാണെങ്കിലും പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന അനധികൃത മണല്‍ ഖനനത്തെ ന്യായീകരിക്കാനാവില്ല. ഖനനം മൂലം എന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടുണ്ടെങ്കില്‍ നിയമലംഘകരില്‍നിന്ന് അതിനുള്ള പരിഹാരം ഈടാക്കണം.
ഭാവി തലമുറകളോടുള്ള കടമ എന്ന നിലയില്‍ പരിസ്ഥിതി നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ അധികാരികള്‍ക്കുള്ള ഉത്തരവാദിത്തം മറക്കരുത്. നഷ്ടപരിഹാരമായി 100 കോടി രൂപ ഒരു മാസത്തിനകം സംസ്ഥാനസര്‍ക്കാര്‍ അടക്കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ദേശീയ ഖനന ഇന്‍സ്റ്റിറ്റ്യൂട്ട്, മദ്രാസ് സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് എന്നിവയോട് മണല്‍ ഖനനം മൂലം ആന്ധ്രയിലുണ്ടായ പാരിസ്ഥിതിക നഷ്ടങ്ങളെക്കുറിച്ച് പഠിച്ച് മൂന്നു മാസത്തിനകം റിപോര്‍ട്ട് തയാറാക്കി നല്‍കാനും എന്‍.ജി.ടി നിര്‍ദേശിച്ചു. സംസ്ഥാനത്തെ മണല്‍ഖനന ലൈസന്‍സ്, എത്ര മണല്‍ ഖനനംചെയ്തു തുടങ്ങിയ കാര്യങ്ങളെ കുറിച്ച് റിപോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയോടും ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു. കൃഷ്ണ-ഗോദാവരി നദികള്‍ക്കും സമീപ പ്രദേശങ്ങള്‍ക്കും അനധികൃത മണല്‍ഖനനം മൂലം വലിയ ആഘാതമുണ്ടായതായി ചൂണ്ടിക്കാട്ടി ആന്ധ്ര സ്വദേശിനിയായ അനുമോള്‍ ഗാന്ധി നല്‍കിയ ഹരജി പരിഗണിച്ചാണ് എന്‍.ജി.ടിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."