വിട മാഡ്രിഡ്... ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസില്‍
റോം: കാല്‍പന്തു കളിയിലെ മാന്ത്രികന്‍ റയല്‍ മാഡ്രിഡിനോട് വിട പറയുന്നു. ഇനി ഇറ്റാലിയല്‍ ക്ലബായ യുവന്റസിന്റെ ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ ജ്വലിക്കും.
പോര്‍ച്ചുഗല്‍ താരവും റയന്‍മാഡ്രിഡ് മുന്നേറ്റ താരവുമായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ (33) 100 മില്യണ്‍ യുറോയ്ക്കാണ് യുവന്റസ് സ്വന്തമാക്കിയത്. 2022 വരെയാണ് കരാര്‍. ഇറ്റാലിയന്‍ ക്ലബ് മുന്നോട്ടുവച്ച 100 മില്യണ്‍(805 കോടി) യൂറോയുടെ വാഗ്ദാനം റയല്‍ സ്വീകരിച്ചു. യുവന്റസ് പ്രസിഡന്റ് ആന്‍ഡ്രിയ ആഗ്നെല്ലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വര്‍ഷത്തില്‍ 30 മില്യണ്‍ യൂറോയോളം താരത്തിന് ശമ്പള ഇനത്തില്‍ ലഭിക്കും.
കുറച്ചു ദിവസങ്ങളായി റൊണാള്‍ഡോ യുവന്റസിലേക്കെത്തുമെന്ന് അഭ്യൂഹങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. താരത്തെ കൈമാറാനുള്ള തുകയുടെ കാര്യത്തില്‍ റയലും യുവന്റസും തമ്മില്‍ ധാരണയായി. റൊണാള്‍ഡോയുടെ ഏജന്റ് ജോര്‍ജ് മെന്‍ഡസും മാഡ്രിഡ് അധികൃതരും നടത്തിയ ചര്‍ച്ചയിലാണ് ട്രാന്‍സ്ഫര്‍ തുകയുടെ കാര്യത്തില്‍ തീരുമാനമായത്. 2009തിലാണ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും റയലിലെത്തിയത്.
നിലവില്‍ ട്രാന്‍സ്ഫര്‍ തുകയില്‍ മൂന്നാം സ്ഥാനത്താണ് റൊണാള്‍ഡോ. 198 മില്യണ്‍ തുകയില്‍ പി.എസി.ജിയിലെത്തിയ നെയ്മറും 128 മില്യണിന് പി.എസ്.ജി സ്വന്തമാക്കിയ എംബാപെയുമാണ് ക്രിസ്റ്റ്യാനോയ്ക്ക് മുന്നിലുള്ളത്. അതേസമയം റയലിലേത് ഏറ്റവും സന്തോഷകരമായ നിമിഷങ്ങളായിരുന്നെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു.
1992ല്‍ തുടങ്ങുന്നതാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫുട്‌ബോള്‍ കരിയര്‍. 1997 മുതല്‍ 2002 വരെ സ്‌പോര്‍ട്ടിങ്ങ് എസ്.പിയില്‍ കളിച്ചു. 2003 മുതല്‍ 2009 വരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ചുവപ്പ് കുപ്പായമണിഞ്ഞു. 2009ല്‍ റയല്‍ മാഡ്രിഡിലെത്തി. അതിനുശേഷം റയലിന്റെ മുന്നേറ്റ നിരയില്‍ ഒഴിച്ചുകൂടാനാവാത്ത പേരായിരുന്നു ക്രിസ്റ്റ്യാനോ.
റയല്‍ മാഡ്രിഡിനായി 292 കളികളില്‍ നിന്ന് 311 ഗോളുകളും സ്വന്തമാക്കി. 2001 ല്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ടീമില്‍ കളിച്ചായിരുന്നു രാജ്യാന്തര ഫുട്‌ബോളിലേക്കുള്ള കാല്‍വെപ്പ്. പോര്‍ച്ചുഗലിനായി 154 മത്സരങ്ങളില്‍ നിന്ന് 85 ഗോളുകളും ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്. താരം യുവന്റസിലെത്തുന്നതോടെ യുവന്റസിന്റെയും ഇറ്റാലിയന്‍ ലീഗിന്റെയും തലവരമാറുമെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."