വെസ്റ്റ് ബാങ്ക് ഇസ്‌റാഈലിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്ന് നെതന്യാഹു
ടെല്‍ അവീവ്: നാളെ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രകോപന പ്രസ്താവനയുമായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ജൂത കുടിയേറ്റം ഫലസ്തീന്‍ പ്രദേശമായ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍കൂടി വ്യാപിപ്പിച്ച് ഇസ്‌റാഈലിലേക്ക് കൂടിച്ചേര്‍ക്കുമെന്ന് നെതന്യാഹു. ഇസ്‌റാഈല്‍ ടി.വിയുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെസ്റ്റ് ബാങ്കില്‍കൂടി കൂടിയേറ്റം വ്യാപപ്പിക്കുന്ന അടുത്ത ഘട്ടം ആരംഭിക്കും. ഇസ്‌റാഈലിന്റെ പരമാധികാരം വ്യാപിപ്പിക്കാന്‍ പോവുകയാണെന്നും നെതന്യാഹു പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വലതുപക്ഷ പാര്‍ട്ടികളുടെ സ്വാധീനം നേടാനായാണ് ഫലസ്തീനികളെ പ്രകോപിപ്പിക്കുന്ന പ്രസ്താവനയുമായി നെതന്യാഹു രംഗത്തെത്തിയത്.
അന്താരാഷ്ട്ര നിയമമനുസരിച്ച് ഫലസതീന്‍ പ്രദേശത്തുള്ള കുടിയേറ്റങ്ങള്‍ നിയമവിരുദ്ധമാണ്. സിറിയയില്‍നിന്ന് 1967ല്‍ പിടിച്ചെടുത്ത ഗോലാന്‍ കുന്നുകളെ യു.എസ് ഇസ്‌റാഈല്‍ പ്രദേശമായി കഴിഞ്ഞ മാസം അംഗീകരിച്ചിരുന്നു. വെസ്റ്റ് ബാങ്കില്‍ നിലവില്‍ 40,0000 അനധികൃത ജൂത കുടിയേറ്റങ്ങളുണ്ട്. കൂടാതെ കിഴക്കന്‍ ജറൂസലമില്‍ 20,0000 കുടിയേറ്റക്കാരുമുണ്ട്. അധിനിവിഷ്ട വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലം, ഗസ്സ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട രാജ്യ സ്ഥാപനമാണ് ഫലസ്തീനികളുടെ ലക്ഷ്യം.
എന്നാല്‍, നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരേ ഫലസതീന്‍ രംഗത്തെത്തി. നെതന്യാഹുവിന്റെ പ്രസ്താവന അത്ഭുതപ്പെടുത്തിയില്ലെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ പരസ്യമായി നിയമലംഘനം നടത്തുന്നത് ഇസ്‌റാഈല്‍ തുടരുമെന്നും മുതിര്‍ന്ന ഫലസ്തീന്‍ നേതാവ് സാഎബ് ഇറാക്കത്ത് പറഞ്ഞു. ഫലസ്തീന്‍ ജനതയോട് ഇസ്‌റാഈല്‍ നടത്തുന്ന മനുഷ്യാവകശ ലംഘനങ്ങള്‍ക്ക് ട്രംപ് ഭരണകൂടം എല്ലാവിധ പിന്തുണയും നല്‍കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."