ഒളിക്യാമറാ വിവാദം: എം.കെ രാഘവന്റെ മൊഴി രേഖപ്പെടുത്തി
കോഴിക്കോട്: ഒളിക്യാമറാ വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ മൊഴിയെടുത്തു. രാഘവന്റെ വീട്ടിലെത്തിയാണ് പൊലിസ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് ഒരു മണിക്കൂര്‍ നീണ്ടുനിന്നു.
ചാനലിനെയും അന്വേഷണം പരിധിയില്‍ കൊണ്ടുവരാനാണ് പൊലിസിന്റെ തീരുമാനം. ചാനലില്‍ നിന്ന് എഡിറ്റ് ചെയ്യാത്ത വീഡിയോ പിടിച്ചെടുക്കും.
നിയമപരമായ അന്വേഷണം നടക്കട്ടേയെന്ന് എം.കെ രാഘവന് പ്രതികരിച്ചു. ബാക്കിയെല്ലാം ജനകീയ കോടതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് പരാതികളിലാണ് അന്വേഷണം. ഹിന്ദി ചാനല്‍ നടത്തിയ അന്വേഷണത്തില്‍ രാഘവന് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് കാണിച്ച് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് അഡ്വ. പി.എ മുഹമ്മദ് റിയാസ് നല്കിയ പരാതിയാണ് ഒന്ന്. ഗൂഢാലോചനയുണ്ടെന്ന എം.കെ രാഘവന്റെ പരാതിയിലും പൊലിസ് രാഘവന്റെ മൊഴിയെടുത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന് ഡി.ജി.പിക്ക് കൈമാറിയ പരാതിയില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴി എടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി വാഹിദ് നേരത്തെ തന്നെ മൊഴിയെടുക്കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് രാഘവന് നോട്ടീസ് നല്‍കിയിരുന്നു.
തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ രാഘവന്റെ വീട്ടിലെത്തി മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. അതേസമയം, രാഘവനെതിരായ ആരോപണം കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."