സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കണം: മന്ത്രി ടി.പി രാമകൃഷ്ണന്‍
വടകര: സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നരലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പ്രവേശനം നേടിയതെന്നും ഇത് പൊതുവിദ്യാലയങ്ങളോട് ജനങ്ങള്‍ക്കുണ്ടായിരുന്ന കാഴ്ചപ്പാടില്‍ വന്ന വലിയ മാറ്റമാണെന്നും തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. വടകര നഗരസഭാ വിദ്യാഭ്യാസ സമിതി സ്‌പെയ്‌സിന്റെ ആഭിമുഖ്യത്തില്‍ ഉന്നതവിജയികള്‍ക്ക് ടൗണ്‍ഹാളില്‍ നല്‍കിയ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കിയാല്‍ വിജയശതമാനത്തില്‍ വലിയ കുതിപ്പാണ് ഉണ്ടാവുക. പൊതുവിദ്യാഭ്യാസരംഗത്ത് കേരളത്തിന് ഒന്നാം സ്ഥാനമുണ്ട്, എന്നാല്‍ നിലവാരത്തില്‍ ഒന്നാം സ്ഥാനത്തല്ല. ഇത് പരിഹരിക്കാവുന്ന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. ലോകത്തിലെ ഏത് വിദ്യാലയത്തോടും കിടപിടിക്കുന്ന വിധത്തില്‍ നമ്മുടെ പൊതുവിദ്യാലയങ്ങളും മാറുകയാണ്. 98 ശതമാനം മാര്‍ക്ക് നേടിയാലും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ എത്താനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. വടകര നഗരസഭ വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈകളും നല്‍കി. സി.കെ നാണു എം.എല്‍.എ അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. ഗോപാലന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മന്ത്രി ടി.പി രാമകൃഷ്ണനുള്ള ഉപഹാരം രാജന്‍ ചെറുവാട്ടി സമര്‍പ്പിച്ചു. അധ്യാപകര്‍ക്കുള്ള ഡയറി വിതരണം ഡി.ഇ.ഒ കെ. മനോജ് കുമാര്‍ നിര്‍വഹിച്ചു. വടകര നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍പേഴ്‌സന്‍ പി. ഗീത, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ. അരവിന്ദാക്ഷന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പി. സഫിയ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ഗിരീഷ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി റീന ജയരാജ്, വാര്‍ഡ് കൗണ്‍സിലര്‍ എ. പ്രേമകുമാരി, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ആര്‍ അജിത്ത് കുമാര്‍ എ.ഇ.ഒ വേണുഗോപാലന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."