പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയുടെ മരണം: നാടിനെ കണ്ണീരിലാഴ്ത്തി
ബദിയടുക്ക: ഓമ്‌നി വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു മരിച്ച പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി അര്‍പ്പിതയുടെ മരണം നാടിനെ കണ്ണീരീലാഴ്ത്തി.
മരണ വിവരം വിശ്വസിക്കാനാവതെ തേങ്ങുകയാണ് ബന്ധുക്കളും സഹപാഠികളും. ബദിയടുക്ക പള്ളത്തടുക്കയ്ക്കു സമീപം ബൈക്കുഞ്ച സ്വദേശികളും ബേള ബണ്ടരടുക്കയില്‍ താമസിക്കുന്ന സരസ്വതി-ശേഷപ്പ ദമ്പതികളുടെ മകളും അഗല്‍പാടി അന്നപൂര്‍ണേശ്വരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായ അര്‍പ്പിതയാണ് നാടിനെ ദു:ഖത്തിലാഴ്ത്തി മരണത്തിന് കീഴടങ്ങിയത്. ബദിയടുക്ക നവജീവന ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി അഗല്‍പാടിയിലെ അന്നപൂര്‍ണേശ്വരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌വണ്‍ പരിക്ഷ എഴുതി ഫലം കാത്തിരിക്കെയായിരുന്നു അര്‍പ്പിതയെ മരണം തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ പുത്തൂര്‍ കുമ്പ്രയിലെ ബന്ധുവീട്ടില്‍ നടന്ന വിവാഹ സല്‍ക്കാരം കഴിഞ്ഞ് ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വീട്ടിലേക്ക് തിരികെ പുറപ്പെട്ടത്. അര്‍പ്പിതയുടെ സഹോദരന്‍ അജയ കുമാറായിരുന്നു വാന്‍ ഓടിച്ചിരുന്നത്. മാതാവ് സരസ്വതിയും അര്‍പ്പിതയും വാനിന്റെ പിന്‍ സീറ്റിലായിരുന്നു. പാതിയുറക്കത്തിലായിരുന്ന മാതാവിന്റെ മടിയില്‍ കിടന്നുറങ്ങുകയായിരുന്നു അര്‍പ്പിത അറിഞ്ഞിരുന്നില്ല ഈ ഉറക്കം ഇനിയെരിക്കലും ഉണരില്ലെന്ന സത്യം.
ബദിയടുക്ക പൊലിസ് സ്റ്റേഷന്‍ പരിസരത്തെത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച വാന്‍ നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞുണ്ടായ അപകടമാണ് അര്‍പ്പിതയുടെ മരണത്തിനു കാരണമായത്. തന്റെ മടിയില്‍ നിന്നു മരണം തട്ടിയെടുത്ത മകളുടെ മൃതദേഹത്തിനു മുന്‍പില്‍ വിതുമ്പലടക്കാനാവാതെ നിന്ന അമ്മയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ബന്ധുക്കള്‍ വിഷമിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം കാണാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹപാഠികളടക്കം നൂറ് കണക്കിനാളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."