ഏക സിവില്‍ കോഡ് നടപ്പാക്കും,രാമക്ഷേത്രം നിര്‍മിക്കും ഹിന്ദുത്വമുഖം തുറന്നുകാട്ടി ബി.ജെപി പ്രകടന പത്രിക: പ്രധാന ചോദ്യങ്ങളില്‍ നിന്ന് ഓടി ഒളിക്കുന്നു
ന്യൂഡല്‍ഹി:2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ എന്‍.ഡി.എ അതിന്റെ ഹിന്ദുത്വമുഖം കൂടുതല്‍ തുറന്നുകാട്ടി. ഇത്രയും കാലം മനസിലിട്ടുനടന്ന ആഗ്രഹങ്ങളും ഒളിയമ്പായി പ്രയോഗിച്ച സ്വപ്‌നപദ്ധതികളും ഒന്നായി'സങ്കല്‍പ് പത്ര്' എന്ന് പേരിട്ട പ്രകടനപത്രികയില്‍ ഇടം പിടിച്ചു.
വികസനത്തിനും ദേശസുരക്ഷയ്ക്കുമാണ് ഊന്നല്‍ നല്‍കുന്നതെന്നാണ് അവകാശവാദം.75 വാഗ്ദാനങ്ങളില്‍ പ്രധാനം ഏക സിവില്‍ കോഡും രാമക്ഷേത്ര നിര്‍മാണവും തന്നെയാണ്. എന്നാല്‍ രാജ്യത്തിന്റെ നടുവൊടിച്ച ജി.എസ്.ടിയും നോട്ട് നിരോധനവും സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ക്കെന്തു പ്രതിവിധിയെന്നും ചെറുകിട മേഖലയ്ക്ക് വേണ്ടിയുള്ള പ്രായശ്ചിത്തം എങ്ങനെ നടപ്പാക്കുമെന്നും വ്യക്തമാക്കാതെ പ്രധാന ചോദ്യങ്ങളില്‍ നിന്നെല്ലാം ബി.ജെ.പി ഒളിച്ചോടുകയും ചെയ്തിരിക്കുന്നു.
ശബരിമല പോലും ഈ പ്രകടനപത്രികയില്‍ വലിയ ഇടം കണ്ടിട്ടുണ്ട്. രാമക്ഷേത്രം നിര്‍മിക്കുക സൗഹൃദപരമായ അന്തരീക്ഷത്തിലായിരിക്കുമെന്നാണ് പറയുന്നത്. അങ്ങനെ മാത്രമേ രാമക്ഷേത്രം നിര്‍മിക്കാനുള്ള എല്ലാ നടപടികളുമുണ്ടാകുകയുള്ളൂ എന്നും പറയുന്നു. എന്നാല്‍ അതെങ്ങനെയാകുമെന്നുമാത്രം പറയുന്നില്ല.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെന്നാണ് പ്രകടപത്രികയില്‍ പറയുന്നത്. ഇതുവരേ ന്യൂനപക്ഷങ്ങള്‍ ഇതിനോടെങ്ങനെ പ്രതികരിക്കുമെന്നും അവരോടെന്തു സമാധാനം പറയുമെന്നുമായിരുന്നു പ്രധാന വിഷയം. എന്നാല്‍ പുതിയ പ്രഖ്യാപനത്തിലൂടെ ഇനി അതൊരു പ്രശ്‌നമേയല്ലെന്നാണ് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നു തീര്‍ത്തു പറയുന്നതിലൂടെ ബി.ജെ.പി വ്യക്തമാക്കിയിരിക്കുന്നത്.
25 ലക്ഷം കോടി രൂപ കര്‍ഷകരുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ബി.ജെ.പി പ്രകടനപത്രിക തട്ടിപ്പാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കുറച്ച് പേരെ കുറെ കാലം പറ്റിക്കാം, എന്നാല്‍ എല്ലാക്കാലത്തും എല്ലാവരെയും പറ്റിക്കാനാവില്ല എന്ന എബ്രഹാം ലിങ്കണ്‍ന്റെ വാക്കുകള്‍ കടമെടുത്താണ് കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചത്.
കര്‍ഷകര്‍ക്ക് 25 ലക്ഷത്തിന്റെ ക്ഷേമപദ്ധതികള്‍ക്ക് പുറമെ ചെറുകിട വ്യാപാരികള്‍ക്ക് ക്ഷേമ പെന്‍ഷനടക്കമുള്ള വാഗ്ദാനവും പ്രകടനപത്രിക മുന്നോട്ട് വെയ്ക്കുന്നുണ്ട്.
ഭീകരതയ്ക്ക് കടിഞ്ഞാണിടുമെന്നും പൗരത്വബില്ല് പാര്‍ലമെന്റില്‍ പാസാക്കുമെന്നും നടപ്പാക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. ആറ് കോടി ആളുകളില്‍ നിന്ന് വിവരം ശേഖരിച്ചാണ് പ്രകടനപത്രിക രൂപീകരിച്ചതെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍ എന്ന വാഗ്ദാനവുമായാണ് ഇന്നലെ ബി.ജെപി പ്രചാരണ ഗാനമടക്കം പുറത്തിറക്കിയത്.
2020ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും വീട് നിര്‍മിച്ച് നല്‍കുമെന്നതും
അടുത്ത വര്‍ഷത്തോടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നതും ഗ്രാമീണ വികസനത്തിനായി 25കോടി രൂപ വകയിരുത്തുമെന്നുള്ളതും മലര്‍പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണെന്നും പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."