കലക്ടര്‍ അനുപമയെന്നു കരുതി, സംഘി പോരാളികള്‍ മേഞ്ഞത് ചലച്ചിത്രതാരത്തിന്റെ എഫ്.ബിയില്‍: ശരിക്കും പകച്ചുപോയി നടി അനുപമ
തൃശൂര്‍: ഒരു പേര് വരുത്തിയ വിനയാണേ... തൃശൂര്‍ ജില്ലാ കലക്ടര്‍ ടി.വി അനുപമയാണെന്ന് കരുതി ചില സംഘ് സൈബറിസ്റ്റുകള്‍ കലിപ്പ് തീര്‍ത്തത് ചലച്ചിത്ര താരം അനുപമ പരമേശ്വരനോട്.പേരില്‍ മാത്രമല്ല, മുഖത്തിനും ചെറിയ സാമ്യമുണ്ടെന്നതും ശരിയാണ്. ഇതൊന്നുമറിയാത്ത താരമാകട്ടെ അന്ധാളിച്ചു നില്‍പ്പുമാണ്. പ്രേമമെന്ന സിനിമയില്‍ നായികയായി അഭിനയിച്ചു എന്നതൊഴിച്ചാല്‍ ഈ താരം മറ്റൊരു തെറ്റും ചെയ്തിട്ടില്ല.
തൃശൂര്‍ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി ശബരിമല ശ്രീ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചതിന് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ ടി.വി അനുപമ സുരേഷ് ഗോപിക്ക് കാരണം കാണിക്കാന്‍ നോട്ടീസയച്ചതാണ് സംഘ് പരിവാര്‍ പോരാളികളെ പ്രകോപിപ്പിച്ചത്.
ഉടനെ സൈബറിടത്തില്‍ കയറി അനുപമ എന്ന പേരു തിരഞ്ഞു. ഒരു എഫ്.ബി പേജും കണ്ടു പിടിച്ചു. പേര് അനുപമ എന്നാണോ എന്നു മാത്രമേ നോക്കിയുള്ളൂ. കലക്ടറാണോ എന്നുപോലും പരിശോധിച്ചുമില്ല. മനസില്‍ തോന്നിയ തെറികളൊക്കെ അവിടെ കൊട്ടക്കണക്കിന് ചൊരിഞ്ഞവര്‍ നിര്‍വൃതിയും കൊണ്ടു. അപ്പോഴേക്കും ട്രോളന്‍മാരും സംഘികള്‍ക്ക് പണി കൊടുത്തിരുന്നു.
നീ കൊണം പിടിക്കാതെ പോകുമെന്നും മുടിഞ്ഞുപോകുമെന്നും അനുഭവിപ്പിക്കുമെന്നുമൊക്കെയായിരുന്നു ശാപ വാക്കുകള്‍. സിനിമയില്‍ ഐ.എ.എസുകാരനായും ഐ.പി.എസുകാരനായും വേഷങ്ങള്‍ നന്നായി കൈകാര്യം ചെയ്തിട്ടുള്ള സുരേഷ് ഗോപിയെ അച്ചടക്കം പഠിപ്പിക്കാന്‍ നീ വളര്‍ന്നോടീ എന്നുപോലും ചോദിച്ചു ചിലര്‍.
അനുപമ പരമേശ്വരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കലക്ടറുടെ യഥാര്‍ഥപേര് അനുപമ ക്ലിന്റണ്‍ ജോസഫാണെന്നറിഞ്ഞതോടെ അതിന്റെ പേരിലും ചിലര്‍ കലിതുള്ളി. തുടക്കത്തില്‍ ആരോ ഒരാള്‍ സിനിമാ താരത്തിന്റെ പേജില്‍ കലിപ്പ് തീര്‍ക്കുകയായിരുന്നു. ഇതോടെ അടുത്തയാളും വന്ന് മനസില്‍ തോന്നിയതെല്ലാം അവിടെ കളഞ്ഞിട്ടുപോയി.
അബദ്ധം മനസിലായപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു.
ശബരിമല വിഷയത്തിന്റെ പേരില്‍ വോട്ടു ചോദിച്ചതിനാണ് സുരേഷ് ഗോപിയോട് ജില്ലാ കലക്ടര്‍ ടി.വി അനുപമ വിശദീകരണം തേടിയത്. അയ്യന്‍ എന്ന വാക്കിന്റെ അര്‍ഥം ചേട്ടന്‍ എന്നാണെന്നും ഇതറിയാത്ത കലക്ടര്‍ ആദ്യംപോയി മലയാളം പഠിക്കണമെന്ന ആവശ്യം ഉയര്‍ത്തിയവരുമുണ്ടായിരുന്നു കൂട്ടത്തില്‍. കാളപെറ്റെന്നു കേള്‍ക്കുമ്പോഴേക്കും കയറെടുക്കും മുമ്പ് ആലോചിക്കണമെന്നു പറയാറുണ്ടല്ലോ. അതിനുള്ള ഏറ്റവും ചെറിയ ഉദാഹരണമാണിത്. ഇതിന്റെ പേരില്‍ ചലച്ചിത്രതാരം കൂടി നിയമനടപടി സ്വീകരിച്ചാല്‍ സംഘി പോരാളികള്‍ വലഞ്ഞതു തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."