പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ഥ്യത്തിലേക്ക് ക്ഷേത്ര കമ്മിറ്റി വിട്ടുനല്‍കിയ സ്ഥലത്ത് അപ്രോച്ച് റോഡ് നിര്‍മ്മിച്ചു
നീലേശ്വരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ഥ്യത്തിലേക്ക്. ഇതിന്റെ ഭാഗമായി പാലായി പാലാക്കൊഴുവല്‍ ഭഗവതി ക്ഷേത്ര കമ്മിറ്റി വിട്ടുകൊടുത്ത സ്ഥലത്തു അപ്രോച്ച് റോഡ് നിര്‍മിച്ചു.
ഒരു വ്യക്തി മാത്രം സ്ഥലം വിട്ടുകൊടുക്കാത്തതിനാലാണ് പദ്ധതി അനിശ്ചിതത്വത്തിലായത്. സി.പി.എം ശക്തികേന്ദ്രമായ ഇവിടെ അറുപത് വര്‍ഷം പഴക്കമുള്ള ഇ.എം.എസിന്റെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്തതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. പാര്‍ട്ടി മെമ്പര്‍മാരും അനുഭാവികളും പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്ന സ്ഥിതിവരെ പ്രദേശത്ത് ഉണ്ടായി.
ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായിട്ടും പ്രശ്‌നപരിഹാരമാകാത്തതില്‍ വകുപ്പുദ്യോഗസ്ഥരും ആശങ്കയിലായിരുന്നു. സി.പി.എമ്മിന് പ്രശ്‌നപരിഹാരം കാണാന്‍ കഴിയാതായതോടെയാണ് ക്ഷേത്രകമ്മിറ്റി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന പൊതുയോഗമാണ് റോഡ് നിര്‍മിക്കാനുള്ള തീരുമാനമെടുത്തത്. ക്ഷേത്രകമ്മിറ്റി നികുതി അടച്ചുകൊണ്ടിരിക്കുന്ന നാലേ മുക്കാല്‍ സെന്റ് ഉള്‍പ്പെടെയുള്ള സ്ഥലത്തു കൂടിയാണ് ഇന്നലെ രാവിലെ റോഡ് നിര്‍മാണം ആരംഭിച്ചത്.
ക്ഷേത്ര സ്ഥാനികരും ആചാരക്കാരും വാല്യക്കാരും നാട്ടുകാരുമുള്‍പ്പെടെ അഞ്ഞൂറോളം ആള്‍ക്കാര്‍ റോഡ് നിര്‍മാണത്തിനു എത്തിയിരുന്നു.
1957 മുതല്‍ സര്‍ക്കാരുകളുടെ സജീവ പരിഗണനയിലുണ്ടായിരുന്ന പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജിന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഭരണാനുമതി ലഭിച്ചിരുന്നു.
65 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. നബാര്‍ഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളുടെ 4500 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യവും ഇതുവഴി ലഭ്യമാകും.
ഇത് സ്രോതസായി ഉപയോഗിച്ച് സ്ഥാപിക്കുന്ന രണ്ടു ബൃഹത് കുടിവെള്ള പദ്ധതികളുടെ പ്രാഥമിക എന്‍ജിനീയറിങ് റിപ്പോര്‍ട്ടും തയ്യാറായിരുന്നു. തൃക്കരിപ്പൂര്‍ മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്റേയും നിലവിലെ എം.എല്‍.എ എം. രാജഗോപാലന്റേയും സജീവമായ ഇടപെടലുകളാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു വേഗത കൂട്ടിയത്.
മുന്‍പ് ഈ കടവില്‍ പ്രവര്‍ത്തിച്ചിരുന്ന കടത്തു തോണി ഇല്ലാതായതോടെ മറുകരയിലെത്താന്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇരുന്നൂറ്റി ഇരുപത്തേഴ് മീറ്റര്‍ നീളമുള്ള പാലം നീലേശ്വരം നഗരസഭയേയും കയ്യൂര്‍-ചീമേനി പഞ്ചായത്തിനേയും ബന്ധിപ്പിക്കുകയും ജനങ്ങളുടെ യാത്രാദുരിതം കുറക്കുകയും ചെയ്യും.
പദ്ധതിയുടെ ആവശ്യത്തിനായി ഒരു കുടുംബത്തെപ്പോലും ഒഴിപ്പിക്കേണ്ടി വരില്ല എന്നതും പ്രത്യേകതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."