ഇന്ത്യ - ചൈന അതിര്‍ത്തി ശാന്തത എത്ര നാള്‍?
അതിര്‍ത്തിയില്‍ ഇന്ത്യ റോഡ് നിര്‍മിക്കുന്നെന്ന് പറഞ്ഞു അതിക്രമിച്ചു കടന്നു ഇരുപതോളം ജവാന്മാരെ ക്രൂരമായി വധിച്ചു, അയല്‍ രാജ്യമെന്നു പറയാറുള്ള ചൈന. ഒടുവില്‍ സേനാ പിന്മാറ്റം പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഈ സഹോദര സ്‌നേഹം എത്ര കാലം നീണ്ടുനില്‍ക്കും? ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിനു അയവ് വരുന്നുവെന്ന വാര്‍ത്ത ഏറെ സന്തോഷം തരുന്നു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടു ഏഷ്യന്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ ശേഷം 22 തവണ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ കണ്ണോടു കണ്ണ് നോക്കിനിന്ന ഇരു സേനാവിഭാഗങ്ങളും പിന്മാറാന്‍ ധാരണയായത്. ഇന്ത്യയുടെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ്‌യിക്കും നന്ദി. ചൈനീസ് ഭാഗത്ത് മരണപ്പെട്ടവരുടെ കണക്ക് അവര്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ജനകീയ വിമോചന സേന എന്നു നാമകരണം ചെയ്യപ്പെട്ട ചൈനീസ് സേനയുടെ ഒരു കമാന്‍ഡിങ്ങ് ഓഫിസര്‍ ഉള്‍പ്പെടെ നാല്‍പതോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി ഇന്ത്യയും പറയുകയുണ്ടായി.
നിയന്ത്രണ രേഖ കടന്ന ഇന്ത്യന്‍ സേന രണ്ടു തവണ വെടിവച്ചുവെന്നായിരുന്നു ചൈനീസ് ആരോപണം. അതിനു തങ്ങള്‍ തിരിച്ചടി നല്‍കുകയായിരുന്നുവെന്നും അവര്‍ വാദിക്കുകയുണ്ടായി. ലഡാക്കിലൂടെ 255 കിലോ മീറ്റര്‍ പാതയുടെ നിര്‍മാണ ഉദ്ഘാടനം ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് നിര്‍വഹിച്ചതായ വാര്‍ത്ത വന്നതാണ് ചൈനയെ ചൊടിപ്പിച്ചതെന്നു തോന്നുന്നു. സിക്കിമും ഭൂട്ടാനുമൊക്കെ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നു വാദിച്ചുനില്‍ക്കുകയും നേപ്പാള്‍ പ്രദേശത്ത് തന്നെ ഒരു കണ്ണ് വയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ചൈന സാമ്രാജ്യത്വ ശക്തിയായി വളരാനുള്ള വെമ്പലിലാണ്. അമേരിക്ക സാമ്പത്തിക നിലയില്‍ ഉഴലുകയും സോവ്യറ്റ് റഷ്യ ഛിന്ന ഭിന്നമാകുകയും ചെയ്ത പശ്ചാത്തലത്തില്‍ ലോകത്തിന്റെ പൊലിസാവാന്‍ കുറേക്കാലമായി അവര്‍ ശ്രമിക്കുന്നുമുണ്ട്.
അക്‌സായിചിനും നേഫയും ഒക്കെ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നു പറഞ്ഞു 1962ല്‍ അവര്‍ ഇന്ത്യക്കെതിരേ യുദ്ധത്തിനു വന്നതും ഓര്‍ക്കുക. ചൈന അവരുടേതെന്നും നാം നമ്മുടേതെന്നും അവകാശപ്പെടുന്ന പ്രദേശത്തിനുവേണ്ടിയുള്ള യുദ്ധം എന്ന് ഇ.എം.എസ് നമ്പൂതിരിപ്പാടിനെപ്പോലെയുള്ള ഒരു ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റ് നേതാവ്, അവര്‍ക്കനുകൂല നിലപാടെടുത്തപ്പോഴും ഒടുവില്‍ ചൈന തന്നെ വെടിനിര്‍ത്തുകയാണുണ്ടായത്. പിന്നീടവര്‍ തന്നെ ആ വെടിനിര്‍ത്തല്‍ ലംഘിക്കുകയും ചെയ്തു.
ചൈനയുടെ ഇന്ത്യന്‍ ആക്രമണത്തെ പല രാജ്യങ്ങളും അപലപിച്ചെങ്കിലും ഐക്യരാഷ്ട്ര സഭയില്‍ മിക്ക രാജ്യങ്ങളും അതില്‍ പങ്കുചേരാന്‍ മടിച്ചത് നമ്മുടെ നിര്‍ഭാഗ്യം. കശ്മിരില്‍ ഇന്ത്യയുടെ അസന്നിഗ്ധമായ അവകാശ പ്രഖ്യാപനത്തിലും പല രാജ്യങ്ങളുടെയും നിലപാട് ഇതാണ്. 1957ല്‍ വിദേശകാര്യ മന്ത്രിയായ വി.കെ കൃഷ്ണമേനോന്‍ യു.എന്‍ രക്ഷാസമിതിയില്‍ എട്ടു മണിക്കൂര്‍ നീണ്ട പ്രസംഗം നടത്തിയിട്ടും പ്രസംഗം ഒരു റെക്കോര്‍ഡായതല്ലാതെ ലോകരാഷ്ട്രങ്ങള്‍ മിക്കവാറും ഇന്ത്യയെ അനുകൂലിക്കാന്‍ മുന്നോട്ടുവന്നിരുന്നില്ല. നയതന്ത്രതലത്തില്‍ ഇന്ത്യക്കേറ്റ ഒരു വലിയ പരാജയമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ലക്ഷ്യം നേടാന്‍ കഴിയാതെപോയ കൃഷ്ണമേനോനെ യു.എന്നില്‍നിന്നു തിരിച്ചുവിളിക്കണമെന്ന് അന്ന് മുസ്‌ലിം ലീഗ് പ്രസിഡന്റായിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ പോലും ആവശ്യപ്പെടുകയുണ്ടായി. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാല്‍ കശ്മിര്‍ നല്‍കേണ്ടത് പാകിസ്താനല്ലേ എന്ന് ചില പത്രപ്രവര്‍ത്തകര്‍ കുസൃതിച്ചേദ്യമിട്ടപ്പോള്‍ ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഖാഇിദേ മില്ലത്ത് ഇസ്മാഈല്‍ സാഹിബ് പറഞ്ഞത്, അതുകൊണ്ടുതന്നെയാണ് കശ്മിര്‍ ഇന്ത്യയുടെ ഭാഗമാകേണ്ടത് എന്നായിരുന്നു. അത്രയധികം മുസ്‌ലിംകളെ ഇന്ത്യയ്ക്കു നഷ്ടപ്പെട്ടുകൂടാ എന്നതാണ് ലീഗിന്റെ നയമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ ബാഫഖി തങ്ങളുടെ പ്രസ്താവനയെ വിവാദമാക്കാന്‍ കുറേപേര്‍ രംഗത്ത് വന്നിരുന്നു. ഇന്ത്യന്‍ പ്രതിനിധിയെ അവഹേളിച്ച അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നു മലയാളത്തിലെ ഒരു പത്രം മുഖപ്രസംഗം എഴുതുക പോലും ചെയ്തു. ഇതിനെതിരേ ശക്തമായി പ്രതിഷേധിച്ചത് പിന്നീട് കേന്ദ്രമന്ത്രിയായ സോഷ്യലിസ്റ്റ് നേതാവ് അരങ്ങില്‍ ശ്രീധരനായിരുന്നു. കൃഷ്ണമേനോനെ മടക്കിവിളിക്കുക മാത്രമല്ല, ചെലവഴിച്ച പണം, അദ്ദേഹത്തില്‍നിന്ന് ഈടാക്കുകകൂടി വേണമെന്ന് അന്ന് ലീഗുമായി സംഖ്യത്തിലായിരുന്ന പി.എസ്.പിയുടെ നേതാവായ ശ്രീധരന്‍ പ്രസ്താവിക്കുകയുണ്ടായി.കശ്മിരിന്റേതായാലും ചൈനയുടേതായാലും അന്താരാഷ്ട്ര കാര്യങ്ങളില്‍ രാജ്യാന്തര പിന്തുണ നേടുന്നതില്‍ ഇന്ത്യക്ക് പലപ്പോഴും പരാജയം സംഭവിച്ചിട്ടുണ്ടെന്നത് നേര്. ലോക ജനസംഖ്യയില്‍ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായിട്ടും രക്ഷാസമിതിയില്‍ ഒരു സ്ഥിരാംഗത്വം നേടാന്‍ എത്ര വര്‍ഷങ്ങളായി നാം ശ്രമിക്കുന്നു. ഒടുവില്‍ ഒരു താല്‍ക്കാലികാംഗത്വം ലഭിച്ചുവെന്നത് ഭാഗ്യം.
ചൈനയെപ്പോലുള്ള രാജ്യങ്ങളെ നമുക്ക് എത്രമാത്രം വിശ്വാസത്തിലെടുക്കാമെന്നതാണ് പ്രശ്‌നം. ഇന്ത്യയുമായുള്ള ചൈനയുടെ ഭാഗധേയം നിര്‍ണയിച്ച കാലത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മുന്‍കൈയെടുത്ത് ഹിന്ദി ചീനി ഭായി ഭായി എന്ന മുദ്രാവാക്യം ഉയര്‍ത്തിയ നാളുകള്‍ ഓര്‍ക്കുക. അവരവരുടെ അതിര്‍ത്തികളില്‍ ഒതുങ്ങി അവരവരുടെ അധീശത്വത്തെ അംഗീകരിക്കുക എന്ന നിലപാടുള്ള കാലമായിരുന്നു അത്. എന്നിട്ടും ഇന്ത്യന്‍ പ്രദേശം കയ്യടക്കാനുളള ശ്രമവുമായി 1962ല്‍ ഒരു മാസക്കാലത്തോളമാണ് ചൈന യുദ്ധം നടത്തിയത്. വെടിനിര്‍ത്തല്‍ കുറേയൊക്കെ ഉണ്ടായെങ്കിലും പിന്നീട് പലതവണ നമ്മുടെ അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ദോക്ക്‌ലാമില്‍ പാത പണിത് മൂന്നു വര്‍ഷം മുമ്പ് സംഘര്‍ഷം സൃഷ്ടിച്ച ചൈന ഇത്തവണ ഇന്ത്യ സ്വന്തം പ്രദേശത്ത് പാതപണി തുടങ്ങിയതിന്റെ പേരിലാണ് ആക്രമണം ആരംഭിച്ചത്. ലോക മനഃസാക്ഷി എതിരാവുമെന്നു കണ്ടപ്പോള്‍ തങ്ങള്‍ അതിക്രമിച്ചു കടന്നിട്ടില്ലെന്നു ചൈന പറയുകയുണ്ടായി. അവര്‍ക്ക് ഇങ്ങോട്ട് കടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു പ്രതിപക്ഷ കക്ഷികളുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ഇന്ത്യയും പറഞ്ഞു. അവര്‍ ഇങ്ങോട്ടു കടന്നില്ലെങ്കില്‍ നിയന്ത്രണ രേഖക്കിപ്പുറത്ത് നിരായുധരായിനിന്ന 20 ഇന്ത്യന്‍ ജവാന്‍മാര്‍ എങ്ങനെ ക്രൂരമായി വധിക്കപ്പെട്ടു എന്നതിനു മാത്രം വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.
അതെന്തായാലും അതില്‍ പിന്നീട് മിലിട്ടറി തലത്തില്‍ പല ചര്‍ച്ചകളും നടന്നു. യഥാസ്ഥിതി നിലനിര്‍ത്താന്‍ തീരുമാനമായി എന്നൊക്കെ പ്രസ്താവനകള്‍ വന്നെങ്കിലും ഡോവലും വാങ്ങ്‌യായും രണ്ട് മണിക്കൂര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഇരു സേനകളും പിന്‍വാങ്ങാന്‍ തീരുമാനമായത്. ഇരു സൈന്യങ്ങളും മൂന്നുകിലോമീറ്റര്‍ അകലം പാലിക്കുമത്രെ. കടന്നുകയറി കെട്ടിയ ടെന്റുകളൊക്കെ ഇരുകൂട്ടരും പൊളിച്ചുമാറ്റിത്തുടങ്ങി എന്നത് ശുഭോദര്‍ക്കമായ വാര്‍ത്ത തന്നെയാണ്. എന്നാല്‍ ചൈന ഈ പിന്‍വാങ്ങലിന് തയാറായത് മഞ്ഞുരുകി ഗാല്‍വാന്‍ നദി കരകവിഞ്ഞൊഴുകിത്തുടങ്ങിയതോടെയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായി. സൈന്യങ്ങള്‍ക്ക് പിന്നിലായി സജ്ജമാക്കിയ ടാങ്കുകളും യുദ്ധവിമാനങ്ങളും അടുത്ത ഘട്ടത്തില്‍ മാത്രമേ പിന്‍വലിക്കൂ എന്നും ധാരണയുണ്ടത്രെ. സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലുള്ള പാംഗോങ്ങില്‍നിന്നും ഡെപ്ഡാനില്‍നിന്നുമുള്ള പിന്മാറ്റങ്ങളും ചൈന തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ. ഈ അര്‍ഥത്തില്‍ ചൈനയെ എത്രമാത്രം വിശ്വസിക്കാമെന്ന സംശയത്തിന്റെ മുള്‍മുന പല വൃത്തങ്ങളില്‍നിന്നും ഉയരുന്നുണ്ട്. രണ്ടുമാസം മുമ്പ് ഗാല്‍വാനില്‍ ആക്രമണം ആരംഭിച്ചപ്പോള്‍ തന്നെ 1962 മറക്കേണ്ട എന്ന് അവര്‍ മുഴക്കിയ ഭീഷണിയും ഇതോടൊപ്പം ചേര്‍ത്തുവെക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."