കൊണ്ടുവന്നത് ചാകാറായ പോത്തുകുട്ടികളെ
പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തില്‍ ആദിവാസികളടക്കമുള്ള വിഭാഗങ്ങള്‍ക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തതില്‍ വന്‍ തട്ടിപ്പു നടന്നതായി ആക്ഷേപമുയരുന്നു.
ആരോഗ്യമില്ലാത്ത ചാകാറായ പോത്തുകുട്ടികളെയാണ് പദ്ധതിയില്‍ വിതരണം ചെയ്തതെന്ന് പരാതിയുമായി ഗുണഭോക്താക്കള്‍ രംഗത്തെത്തി.
പോത്തുകുട്ടികളെ വിതരണം ചെയ്യുന്നതിന് 30 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്. എസ്.ടി വിഭാഗത്തിന് 160 എണ്ണവും, ജനറല്‍ വിഭാഗത്തിന് 140 പോത്തുകുട്ടികളെയും വിതരണം ചെയ്യുന്നതിനായിരുന്നു ഫണ്ട് നീക്കിവച്ചത്. എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ 2500-രൂപയും ജനറല്‍ വിഭാഗക്കാര്‍ 5000-രൂപയും ഗുണഭോക്തൃവിഹിതമായി അടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. കാര്‍ഷികമേഖല തകര്‍ന്നതിനാല്‍ പുതിയ ഉപജീവനമാര്‍ഗം തേടി ജനങ്ങള്‍ ഗുണഭോക്തൃവിഹിതം നേരത്തെതന്നെ അടച്ചിരുന്നു.
എന്നാല്‍ പോത്ത് വിതരണം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. വിതരണത്തിനായി കൊണ്ടുവന്ന പോത്ത്കുട്ടികളുടെ ആരോഗ്യനില ദയനീയവുമാണ്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അവശരായ പോത്തുകുട്ടികളെ വിതരണം ചെയ്ത അതേ ഏജന്‍സി തന്നെയാണ് ഇത്തവണയും പോത്ത് കുട്ടികളെ വിതരണത്തിനെത്തിച്ചത്.
ആന്ധ്രയില്‍ 2000-2500 രൂപമാത്രം വിലവരുന്ന പോത്തുകുട്ടികളെയാണ് പതിനായിരം രൂപ വിലക്ക് ഇറക്കിയെന്നും ആരോപണമുണ്ട്.
പുല്‍പ്പള്ളി മൃഗാശുപത്രിക്കു സമീപമായിരു വിതരണം. പലരെയും നിര്‍ബന്ധിച്ചും മറ്റുമാണ് അവശനിലയിലായ പോത്തുകുട്ടികളെ വാങ്ങിപ്പിച്ചത്.
പദ്ധതിക്കായി ആകെ നീക്കിവച്ച തുകയുടെ പകുതിപോലും ഇതിനായി ചിലവഴിക്കാതെയാണ് പോത്ത്കുട്ടികളെ വിതരണം ചെയ്തതെന്നും ഇതിന്റെ പിന്നിലെ അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും ഗുണഭോക്താക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."