ഇറിഗേഷന്‍ കനാലില്‍ വീണ്ടും സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളി
ആലുവ: തോട്ടുംമുഖം ജങ്ഷന് സമീപം റോഡരികിലെ പെരിയാര്‍വാലി ഇറിഗേഷന്‍ കനാലില്‍ വീണ്ടും സെപ്റ്റിടാങ്ക് മാലിന്യം തള്ളി. ഈ മാസം ഇത് അഞ്ചാംതവണയാണ് ഇവിടെ മാലിന്യം കാണപ്പെടുന്നത്. പൊലിസില്‍ വീഡിയോ ദ്രിശ്യങ്ങളടക്കം പലതവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാല്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
ഇന്നലെ രാവിലെ പരാതി നല്‍കിയിട്ടും വൈകിട്ട് മൂന്ന് മണിവരെ പൊലിസ് തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നാണ് സഹികെട്ട നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്.റോഡില്‍ ടയര്‍ കത്തിച്ചാണ് ഉപരോധം നടത്തിയത്. അപ്രതീക്ഷിതമായുണ്ടായ സമരത്തില്‍ റോഡ് ഗതാഗതം തടസപ്പെട്ടു. സംഘര്‍ഷസാധ്യത മുന്നില്‍കണ്ട് കൂടുതല്‍ പൊലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. നടപടിയെടുക്കാമെന്ന് ഡിവൈ.എസ്.പി റെസ്റ്റം ഉറപ്പുകൊടുത്തതുകൊണ്ട് നാട്ടുകാര്‍ പിന്മാറുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെയാണ് ആലുവ ഭാഗത്തുനിന്ന് വന്ന ലോറി മാലിന്യം തള്ളിയത്. ഈ കനാലിലൂടെ പോകുന്ന വെള്ളം പരിസരത്തുള്ള വീടുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നതാണ്. സമീപത്തുള്ള കിണറുകളേയും കുടിവെള്ളത്തേയും ഇത് ബാധിക്കും. ഈ ഭാഗത്ത് മാലിന്യം നിക്ഷേപിക്കുന്നത് പതിവാണ്. ഇതുമൂലം റോഡരികിലെ പോസ്റ്റില്‍ കാമറയും സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."