വികാസ് ദുബെയുടെ മരണം: 'ഏറ്റുമുട്ടലുകളെ'ക്കുറിച്ച് അന്വേഷണം
ലക്‌നൗ: ഗുണ്ടാ നേതാവ് വികാസ് ദുബെയും കൂട്ടാളികളായ ചിലരും കൊല്ലപ്പെട്ട വിവിധ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് യു.പി സര്‍ക്കാര്‍.
റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിഷനാണ് ഇവ അന്വേഷിക്കുക. ഈ ഏറ്റുമുട്ടലുകളെല്ലാം വ്യാജ ഏറ്റുമുട്ടലുകളായിരുന്നെന്ന ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് തീരുമാനം.
മധ്യപ്രദേശിലെ ഉജ്ജയ്‌നില്‍നിന്നു പിടിയിലായി പൊലിസ് കസ്റ്റഡിയില്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദുബെ കൊല്ലപ്പെട്ടിരുന്നത്. കാണ്‍പൂരിനടുത്തുവച്ച് പൊലിസ് വാഹനം നിയന്ത്രണംതെറ്റി മറിയുകയും ഇതോടെ പൊലിസുകാരുടെ തോക്ക് കൈക്കലാക്കി ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ ഏറ്റുമുട്ടലുണ്ടാകുകയുമായിരുന്നെന്നാണ് പൊലിസ് വ്യക്തമാക്കിയിരുന്നത്. തുടര്‍ന്ന് വെടിയേറ്റ ഇയാള്‍ ആശുപത്രിയില്‍വച്ച് മരിക്കുകയായിരുന്നു. എന്നാല്‍, പൊലിസിന്റെ വിശദീകരണത്തില്‍ സംശയം പ്രകടിപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികളടക്കം രംഗത്തെത്തുകയും വിഷയത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കോടതിയില്‍ ഹരജി ഫയല്‍ ചെയ്യപ്പെടുകയും ചെയ്തതോടെയാണ് യു.പി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ദുബെയുടെ ബന്ധുക്കളുടെ സ്വത്ത് അടക്കമുള്ള വിഷയങ്ങളിലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വികാസ് ദുബെയ്ക്ക് പൊലിസ് നീക്കങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് അറസ്റ്റിലായ പൊലിസ് ഉദ്യോഗസ്ഥന്‍ കെ.കെ ശര്‍മ ഇന്നലെ സുരക്ഷയാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."