പി.എസ്.സി ലിസ്റ്റുകള്‍ നോക്കുകുത്തി; ഒഴിവുകള്‍ സ്ഥാനക്കയറ്റത്തിനു മാത്രം
കല്‍പ്പറ്റ: പി.എസ്.സി ലിസ്റ്റുകള്‍ പ്രഹസനമാക്കി അധികൃതരുടെ ഇരട്ടത്താപ്പ്. ജില്ലയിലെ വിവിധ വകുപ്പുകളിലേക്ക് അടുത്തിടെ വന്ന പി.എസ്.സി ലിസ്റ്റിലുള്ളവരെ പെരുവഴിയിലാക്കുന്ന നിലപാടാണ് ജില്ലയില്‍ നടക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. അപ്രഖ്യാപിത നിയമന നിരോധനമാണ് നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.
സാധാരണയുണ്ടാകുന്ന ഒഴിവുകളില്‍ നേരിട്ടുള്ള നിയമനത്തിന് നിശ്ചിതശതമാനം നീക്കിവച്ചിട്ടുണ്ടെങ്കിലും അതൊന്നും നടപ്പാകുന്നില്ല. സ്ഥാനക്കയറ്റത്തിനും തസ്തികമാറ്റത്തിനും മാത്രമാണ് വകുപ്പുകള്‍ താല്‍പര്യം കാണിക്കുന്നത്. എന്നാല്‍ ജില്ലയില്‍ ഇതു പാലിക്കപ്പെടുന്നില്ലെന്നു മാത്രമല്ല, അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു. ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ ഓഫിസുകള്‍ കയറിയിറങ്ങിയാല്‍ കൃത്യമായ വിവരം നല്‍കാന്‍ ആരും തയാറല്ല. മാത്രമല്ല ഒഴിവുകള്‍ യഥാസമയം പി.എസ്.സിക്കു റിപ്പോര്‍ട്ടു ചെയ്യാനും അധികൃതര്‍ തയാറാകുന്നില്ല.
സര്‍വിസ് സംഘടനകള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. സര്‍വിസില്‍ നിലവിലുള്ള ജീവനക്കാര്‍ക്കുവേണ്ടി നിയമങ്ങള്‍ വളച്ചൊടിച്ച് ഒഴിവുകള്‍ നികത്തുന്നതിനെതിരേ നടപടിയും ഉണ്ടാകുന്നില്ലെന്നതാണ് യാതാര്‍ഥ്യം. നിയമന നിരോധനമില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ജില്ലയില്‍ നിയമനം നടക്കുന്നില്ല. വിവിധ വകുപ്പുകളില്‍ നിരവധി ഒഴിവുകളുള്ള തസ്തികയില്‍ പേരിനുമാത്രം ഒന്നോ രണ്ടോ ഒഴിവുകള്‍ മാത്രമാണ് വകുപ്പുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ടു ചെയ്യുന്നത്.
ഇക്കാര്യം അന്വേഷിച്ച ഉദ്യോഗാര്‍ഥികളോടാണ് വകുപ്പ് അധികൃതര്‍ ഈ ഒഴിവുകള്‍ സ്ഥാനക്കയറ്റത്തിനു മാറ്റിവച്ചതാണെന്ന് പറഞ്ഞത്. നേരിട്ടുള്ള നിയമനത്തിന് തടസമായി നിരവധി കാര്യങ്ങളാണ് ലിസ്റ്റിലുള്ളവരുടെ മുമ്പിലുള്ളത്. എച്ച്.എസ്.എ മലയാളം, ഹിന്ദി, വിവിധ വകുപ്പുകളിലേക്കുള്ള ക്ലാര്‍ക്കുമാര്‍ എന്നീ ലിസ്റ്റുകളാണ് അടുത്തിടെ വയനാട്ടില്‍ വന്നത്. റദ്ദായ പി.എസ്.സി ലിസ്റ്റിലുള്ളവര്‍ നല്‍കിയ കേസും പുതിയ ലിസ്റ്റിലുള്ളവര്‍ക്ക് വിലങ്ങുതടിയാകുകയാണ്. കേസ് നല്‍കിയവര്‍ക്ക് വിധി അനുകൂലമായാല്‍ നിലവിലുള്ള ലിസ്റ്റിലുള്ളവര്‍ പിന്തള്ളപ്പെടും.
അത്തരം നടപടികള്‍ക്ക് വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ പി.എസ്.സിയും വകുപ്പ് അധികൃതരും ശ്രമിക്കുന്നുമില്ല.
റദ്ദായ ലിസ്റ്റിലുള്ളവരുടെ കേസ് പരാതിക്കാര്‍ക്ക് അനുകൂലമായാല്‍ ലിസ്റ്റിലുള്ളവര്‍ അക്കാരണത്താലും പിന്തള്ളപ്പെടും. മൂന്നുവര്‍ഷമാണ് ലിസ്റ്റിന്റെ കാലാവധി. ഇക്കാലയളവില്‍ നിയമനം ലഭിക്കാത്തവരാണ് കോടതിയെ സമീപിച്ചത്.
റദ്ദായ ലിസ്റ്റിലുള്ളവര്‍ക്ക് അനുകൂലമായി വിധി വന്നാല്‍ അതിനെതിരേ കോടതിയെ സമീപിക്കാനാണ് പുതിയ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളുടെ നീക്കം.
റദ്ദായ ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നല്‍കാന്‍ വിധി വന്നാല്‍ അത് പുതിയ കീഴ്‌വഴക്കത്തിന് വഴിവെക്കുമെന്നാണ് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. റദ്ദായ ലിസ്റ്റിലുള്ളവരുടെ വാദം അംഗീകരിക്കുന്ന തരത്തിലാണ് പി.എസ്.സിയും സര്‍ക്കാരും കാര്യങ്ങള്‍ നീക്കുന്നതെന്നും റാങ്ക് ഹോള്‍ഡേഴ്‌സ് ആരോപിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."