തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി മാവോയിസ്റ്റുകള്‍
മുണ്ടക്കൈയില്‍ നാലംഗ സായുധ സംഘമെത്തി
നിലമ്പൂരില്‍ വാര്‍ത്താകുറിപ്പിറക്കി
കല്‍പ്പറ്റ/നിലമ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ എത്തുന്ന വയനാട്ടിലും നിലമ്പൂരിലും പൊലിസിന് തലവേദനയായി വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലാണ് ഇന്നലെ സായുധരായ നാലംഗ സംഘമെത്തിയത്.
സോമന്, വിക്രം ഗൗഡ, സന്തോഷ് എന്നിവരുള്‍പ്പെട്ട സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. മുണ്ടക്കൈ അങ്ങാടിയിലെ സാംസ്കാരിക നിലയത്തിന്റെ നോട്ടിസ് ബോര്‍ഡിലും കടകളുടെ ചുവരുകളിലും എച്ച്.എം.എല്‍ എസ്റ്റേറ്റ് മാസ്റ്റര്‍ ഓഫിസ് പരിസരത്തും പോസ്റ്റര്‍ പതിച്ച സംഘം തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്ത ബാനറും കെട്ടിയിട്ടുണ്ട്. കൂടാതെ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്ന പ്രിന്റ് ചെയ്തതും കൈയെഴുത്ത് പ്രതികളുമായ ലഘുലേഖകള്‍ പത്തിലധികം വീടുകളില്‍ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. സി.പി.ഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയാ സമിതിയുടെ പേരിലാണ് പോസ്റ്ററുകള്‍. പുലര്‍ച്ചെ പ്രദേശത്തെ പുഞ്ചിരിമട്ടത്ത് താമസിക്കുന്ന പ്രസന്നകുമാറിന്റെ വീട്ടിലെത്തി അരിയും പച്ചക്കറിയും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചാണ് സംഘം മടങ്ങിയത്. അല്പനേരം ഇവരോട് സംസാരിച്ച ശേഷം പോസ്റ്റ് ചെയ്യാന്‍ രണ്ടു കവറുകളും നല്‍കിയാണ് സംഘം മടങ്ങിയത്. വിവരമറിഞ്ഞ് മേപ്പാടി പൊലിസും തണ്ടര്‍ബോള്‍ട്ടും സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക, ജനകീയാധികാരം സ്ഥാപിക്കാന്‍ ജനകീയ യുദ്ധപാതയില്‍ അണിനിരക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ബാനറിലും ലഘുലേഖകളിലുമുള്ളത്. മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ വൈത്തിരി റിസോര്‍ട്ടില്‍ കൊല്ലപ്പെട്ട ശേഷം ഇത് രണ്ടാം തവണയാണ് മുണ്ടക്കൈയില്‍ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തുന്നത്. നേരത്തെ വനത്തോട് ചേര്‍ന്നുള്ള റാണിമല എസ്റ്റേറ്റില്‍ സായുധസംഘമെത്തി മരുന്നുകളും മറ്റും ശേഖരിച്ചിരുന്നു.
നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ആദിവാസികളോട് ആഹ്വാനം ചെയ്യുന്നു എന്ന തരത്തിലാണ് മാവോയിസ്റ്റ് വാര്‍ത്താകുറിപ്പ്. ചില മാധ്യമങ്ങളുടെ ഓഫിസിലേക്കാണ് തപാല്‍ മാര്‍ഗം രണ്ടുപേജുള്ള വാര്ത്താകുറിപ്പെത്തിയത്. അജിത എന്ന് പേര് നല്‍കിയാണ് അടിയില്‍ ഒപ്പിട്ടിരിക്കുന്നത്. മാവോയിസ്റ്റുകളെ ഒറ്റുന്ന ആദിവാസികളെയും പൊലിസിനെയും വാര്‍ത്താകുറിപ്പില്‍ വിമര്‍ശിക്കുന്നുണ്ട്. കനല്‍പാത എന്ന മാവോയിസ്റ്റ് മുഖപത്രത്തിന്റെ കോപ്പിയും ഇതോടൊപ്പം അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."