റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന്
കൊച്ചി: നഗരത്തിലെ പ്രധാന റോഡുകളുടെ മുഴുവന്‍ അറ്റകുറ്റപ്പണികളും ഒരാഴ്ച്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് കോര്‍പ്പറേഷന്‍ മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം ഹാരിസ് അറിയിച്ചു.
സെപ്തംബര്‍ മാസത്തോടെ കോര്‍പ്പറേഷന്‍ അധീനതയിലുള്ള മുഴുവന്‍ റോഡുകളുടെയും കുഴികള്‍ അടച്ച് അറ്റകുറ്റ പണികള്‍ നടത്തി സഞ്ചാര യോഗ്യമാക്കും. പുതിയ കൗണ്‍സില്‍ ചുമതലയേറ്റതിന് ശേഷം കോര്‍പ്പറേഷന്റെ കീഴിലുള്ള 80 ശതമാനം റോഡുകളുടെയും അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മെട്രോയുടെ നിര്‍മാണ പ്രവൃത്തികള്‍ മൂലം തകരാറിലായിട്ടുള്ള കോര്‍പറേഷന്‍ റോഡുകളും കാനകളും കാനകള്‍ക്ക് മുകളിലുള്ള കവറിങ് സ്ലാബുകളും പരമാവധി അറ്റകുറ്റ പണികള്‍ നടത്തി സ്ലാബുകള്‍ ഇടുന്ന ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മൂലം പല ജോലികളും താല്‍ക്കാലികമായി നിര്‍ത്തേണ്ടി വന്നു. മഴയത്ത് ടാറിങ് നടത്തുന്നത് പ്രയോജനം ചെയ്യില്ലെന്നതിനാലാണ് പ്രധാനപ്പെട്ട റോഡുകളിലെ വലിയ കുഴികള്‍ ഇന്റര്‍ലോക്കിങ് ടൈലുകള്‍ ഉപയോഗിച്ച് അറ്റകുറ്റ പണികള്‍ നടത്തിയത്. ഇത്തരത്തില്‍ പണി നടക്കുന്ന ചര്‍ച്ച് ലാന്റിങ് റോഡ്, ചിറ്റൂര്‍ റോഡ്, തമ്മനംപുല്ലേപടി റോഡ് എന്നിവിടങ്ങളിലെ പ്രവൃത്തികള്‍ ഒരാഴ്ച്ചക്കകം പൂര്‍ത്തീകരിക്കും.
മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി എന്നിവിടങ്ങളിലെ പൈതൃക മേഖലയിലെ പ്രധാന റോഡുകളുടെ അറ്റകുറ്റ പണികളും തുടങ്ങിയിട്ടുണ്ട്. ഈ മേഖലയിലെ പ്രവൃത്തികളുടെ അവലോകന യോഗം പ്രദേശത്തെ കൗണ്‍സിലര്‍മാരെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി 20ന് ഫോര്‍ട്ടുകൊച്ചി കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസില്‍ നടക്കും. മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഴയ കാനകള്‍ അടച്ച് പുതിയവയുടെ നിര്‍മാണം നടക്കുന്നതിനാല്‍ കലൂര്‍ ദേശാഭിമാനി റോഡ് മുതല്‍ ജങ്ഷന്‍ വരെ വെള്ളക്കെട്ട് രൂക്ഷമാണ്. മഴ മാറുന്നത് വരെ താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ അടച്ചിട്ടുള്ള പഴയ കാനകള്‍ തുറക്കാനും മഴ മാറിയാലുടന്‍ തന്നെ പുതിയ കാനകളുടെ ജോലി പൂര്‍ത്തികരിക്കണമെന്നും കത്ത് മുഖേന കെ.എം.ആര്‍.എല്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് പി.എം ഹാരിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."