കളം മാറ്റിച്ചവിട്ടി കോണ്‍ഗ്രസ്, മറുപടി പറഞ്ഞ് മടുത്ത് സി.പി.എം
തിരുവനന്തപുരം: കേരളം വിധിയെഴുതാന്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കേ പ്രചാരണ രംഗത്ത് കോണ്‍ഗ്രസ് കളം മാറ്റിച്ചവിട്ടുന്നു. കിഫ്ബിയുടെ മസാല ബോണ്ട് വാങ്ങിയത് എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയാണെന്ന പ്രചാരണം ശക്താക്കി സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.
വരും ദിവസങ്ങളില്‍ തെളിവുകള്‍ ഒന്നൊന്നായി പുറത്തു വിട്ട് തെരഞ്ഞെടുപ്പ് ദിവസം വരെ സി.പി.എമ്മിനെ മുള്‍മുനയില്‍ നിര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം. കോലീബിയില്‍ തുടങ്ങി രാഹുല്‍ ഗാന്ധിയിലെത്തിയ സി.പി.എമ്മിന്റെ പ്രചാരണം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ മസാല ബോണ്ടിന് മറുപടി പറയേണ്ട അവസ്ഥയിലാണ്.
ലാവ്‌ലിന്‍ എന്ന പേര് മലയാളികള്‍ക്കു മറക്കാനായിട്ടില്ല. പ്രത്യേകിച്ച് പിണറായി വിജയന്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുമ്പോള്‍. രാഹുല്‍ ഗാന്ധിക്കെതിരേ സി.പി.എം പ്രചാരണം ശക്തമാക്കിയപ്പോള്‍ പ്രതിരോധമുനയ്ക്ക് മൂര്‍ച്ചയില്ലാതിരുന്ന കോണ്‍ഗ്രസിന് സര്‍ക്കാരിന്റെ സ്വന്തം കിഫ്ബി തന്നെ ആയുധം നല്‍കി. മുമ്പ് ബ്രൂവറിയും ഡിസ്റ്റിലറിയും നല്‍കിയതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്നെയാണ് ലാവ്‌ലിനുമായുള്ള സര്‍ക്കാരിന്റെ അവിശുദ്ധ ബന്ധത്തിന്റെ തെളിവുകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ലാവ്‌ലിന്‍ കമ്പനിയുമായി സര്‍ക്കാരിന് ഇപ്പോഴും അവിശുദ്ധ ബന്ധമുണ്ടെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം.
എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനി ഡയരക്ടര്‍ ഏറീസ് സീഗല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം എന്നിവരുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയതിന് തെളിവുണ്ടെന്നാണ് ചെന്നിത്തലയുടെ ഇന്നലത്തെ വെളിപ്പെടുത്തല്‍. മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് കാനഡയില്‍നിന്ന് വന്ന നാലുപേരാണ് മാര്‍ച്ച് 23 മുതല്‍ 27 വരെ വഴുതക്കാടുള്ള താജ് വിവാന്ത ഹോട്ടലില്‍ നാലുദിവസം തങ്ങി ചര്‍ച്ചകള്‍ നടത്തിയതെന്ന് അദ്ദേഹം പറയുന്നു. ഇതിനു നേതൃത്വം നല്‍കിയത് ലാവ്‌ലിന്‍ ഡയരക്ടര്‍ ഏറീസ് സീഗല്‍ ആയിരുന്നു. സി.ഡി.പി.ക്യു കമ്പനിയുമായാണ് കിഫ്ബി മസാല ബോണ്ടിന്റെ ഇടപാടെങ്കില്‍ ലാവ്‌ലിന്‍ കമ്പനിയുടെ ഡയരക്ടര്‍ ചര്‍ച്ചയ്‌ക്കെത്തിയത് എന്തിനാണെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. ഇതോടെ ഇരു മുന്നണികള്‍ക്കും പ്രചാരണ വിഷയത്തിന്റെ ഗതി മാറി.
കഴിഞ്ഞ ദിവസം വരെ പ്രസംഗ വേദികളില്‍ സംഘപ്‌രിവാറിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്നലെ മസാല ബോണ്ടിനു മറുപടി പറയേണ്ട അവസ്ഥയിലെത്തി. കേരളത്തെ വിവാദങ്ങളുടെ സ്ഥലമാക്കി വികസനം തടയാമെന്നത് ദിവാസ്വപ്നമാണെന്നാണ് മുഖ്യമന്ത്രി പൊന്നാനിയില്‍ പറഞ്ഞത്. എന്നാല്‍ പ്രതിപക്ഷം വിട്ടുകൊടുക്കാന്‍ തയാറല്ല. മസാല ബോണ്ടിനെ വിടാതെ പിന്തുടരാന്‍ തീരുമാനിച്ച കോണ്‍ഗ്രസിന് വരും ദിവസങ്ങളിലും സി.പി.എം നേതാക്കള്‍ മറുപടി നല്‍കേണ്ടി വരും.
അതിനിടെ തെരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഉദ്യോഗസ്ഥര്‍ ഇടതുമുന്നണിയ്ക്ക് തലവേദന ആയിട്ടുമുണ്ട്. കാര്‍ഷിക മോറട്ടോറിയം ഉത്തരവിറക്കാന്‍ താമസിപ്പിച്ചതും മസാല ബോണ്ട് വിവാദമാക്കിയതും ചില ഉന്നതോദ്യോഗസ്ഥര്‍ ആണെന്നാണ് ഇടതുമുന്നണിയിലെ മറ്റു ഘടകകക്ഷികളുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് സമയത്ത് പെട്ടെന്ന് കിഫ്ബി ബോണ്ട് വിറ്റതും വിശദമായല്ലാതെ വാര്‍ത്ത പുറത്തുവിട്ടതും ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കാനാണെന്നാണ് അവരുടെ നിഗമനം.
ധനമന്ത്രി തോമസ് ഐസക് അറിഞ്ഞു തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടതെന്ന വാദം ഉയരുന്നുണ്ടെങ്കിലും ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്റെ വിവരം മറച്ചു വയ്‌ക്കേണ്ടിയിരുന്നില്ലെന്നും അതല്ലെങ്കില്‍ ബോണ്ട് വില്‍പന തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം മതിയായിരുന്നുവെന്നുമാണ് ഘടകകക്ഷികളുടെ അഭിപ്രായം. സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ സി.പി.എമ്മിനെ അതൃപ്തി അറിയിക്കുകയും ചെയ്തു. മസാല ബോണ്ടുമായി ബന്ധപ്പെട്ട് സി.പി.എം മാത്രമാണ് മറുപടി നല്‍കുന്നത്. ഇതിന് തങ്ങള്‍ എന്തിന് മറുപടി പറയണമെന്നാണ് സി.പി.ഐ ഉന്നതരുടെ അഭിപ്രായം. നാളെ ചേരുന്ന സി.പി.എം സെക്രട്ടേറിയറ്റും വ്യാഴാഴ്ച ചേരുന്ന സി.പി.ഐ എക്‌സിക്യൂട്ടീവും വിഷയം ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."