തീരദേശ തീവ്ര കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇന്നു മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
തിരുവനന്തപുരം: കൊവിഡ് അതിവ്യാപനം തടയാന്‍ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നു. ഇന്ന് വൈകീട്ട് ആറു മുതല്‍ 23ന് വൈകീട്ട് ആറു വരെയിരിക്കും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍.
തിരുവനന്തപുരം നഗരസഭയിലെ മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകള്‍, കൊല്ലത്തെ ചവറ, പന്മന, ആലപ്പുഴയിലെ പട്ടണക്കാട്, കടക്കരപ്പള്ളി, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, ആറാട്ടുപുഴ, എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ വെളിയംകോട്, പെരുമ്പടപ്പ്, പൊന്നാനി മുനിസിപ്പാലിറ്റി, താനൂര്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലാണ് ഇന്നു മുതല്‍ 10 ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇതില്‍ ചിലയിടങ്ങള്‍ നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലാണ്.
ഇവിടങ്ങളിലെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 5 കിലോ അരി സൗജന്യമായി നല്‍കും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ 9 വരെ സാധനങ്ങള്‍ ശേഖരിക്കാനും രാവിലെ 10 മുതല്‍ വൈകീട്ട് 6 മണിവരെ വില്‍പന നടത്താനും അനുമതിയുണ്ട്. പാല്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 5 മുതല്‍ 10 വരെയും വൈകീട്ട് 4 മുതല്‍ 6 വരെയും പ്രവര്‍ത്തിക്കാം. രാത്രി 7 മുതല്‍ പുലര്‍ച്ചെ 5 വരെ യാത്ര അനുവദിക്കില്ല. ഇവിടങ്ങളില്‍ മുഴുവന്‍ സമയ റാപ്പിഡ് റെസ്‌പോണ്‍സ് ടീം കര്‍മനിരതരായിരിക്കും. ആവശ്യക്കാര്‍ക്കു മാറിത്താമസിക്കാന്‍ റിവേഴ്‌സ് ക്വാറന്റൈന്‍ സ്ഥാപനങ്ങള്‍ സജ്ജമാക്കും. എന്നാല്‍ ആരെയും നിര്‍ബന്ധിച്ച് മാറ്റിത്താമസിപ്പിക്കില്ല.
ഈ മേഖലകളില്‍ പ്രതിരോധം, കേന്ദ്ര സായുധ പൊലിസ് സേന, ട്രഷറി, പൊതു സേവനങ്ങള്‍ (പെട്രോളിയം, സി.എന്‍.ജി, എല്‍.പി.ജി, പി.എന്‍.ജി ഉള്‍പ്പെടെ), ദുരന്തനിവാരണ സംവിധാനം, വൈദ്യുതി ഉല്‍പാദന- വിതരണം, പോസ്റ്റ് ഓഫിസുകള്‍, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍, മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നിവ ഒഴികെ സംസ്ഥാന, കേന്ദ്രഭരണ പ്രദേശ സര്‍ക്കാരുകളുടെ ഓഫിസുകള്‍, അവയുടെ സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍ എന്നിവ അടച്ചിടും.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, പൊലിസ്, ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വിസസ്, ജയിലുകള്‍, ജില്ലാ ഭരണം, റവന്യൂ ഡിവിഷനല്‍ ഓഫിസ്, താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസ്, ട്രഷറി, വൈദ്യുതി, വെള്ളം, ശുചിത്വം എന്നീ മേഖലകള്‍ പ്രവര്‍ത്തിക്കും. ഡിസ്‌പെന്‍സറികള്‍, കെമിസ്റ്റ്, മെഡിക്കല്‍ ഉപകരണ ഷോപ്പുകള്‍, ലബോറട്ടറികള്‍, ക്ലിനിക്കുകള്‍, നഴ്‌സിങ് ഹോമുകള്‍, ആംബുലന്‍സ് മുതലായവയും പൊതു, സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉല്‍പാദന, വിതരണ യൂനിറ്റുകളും ഉള്‍പ്പെടെ എല്ലാ അനുബന്ധ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കും എ.ടി.എമ്മുകള്‍ക്കും പ്രവര്‍ത്തിക്കാം.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് ആശുപത്രി സേവനങ്ങള്‍ക്കും വേണ്ടി മാത്രമേ ഗതാഗതം അനുവദിക്കൂ. കണ്ടെയ്ന്‍മെന്റ് സോണില്‍ എവിടെയും നിര്‍ത്തരുതെന്ന നിബന്ധനയോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതവും അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."