കര്‍ഷക ജനാധിപത്യ മുന്നണി രാഹുലിനെ പിന്തുണയ്ക്കും
കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്ര കര്‍ഷക സംഘടനാ കൂട്ടായ്മയായ കര്‍ഷക ജനാധിപത്യ മുന്നണി.
നിരവധി കര്‍ഷക ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി വഴി നല്കിയ നിവേദനത്തിന് പ്രകടനപത്രികയില്‍ അംഗീകാരം നല്‍കുകയും നടപ്പില്‍ വരുത്തുമെന്ന് ഉറപ്പു നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് പിന്തുണയ്ക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അതിന്റെ ഭാഗമായി സംഘടനയുടെ നേതൃത്വത്തില്‍ 'കിസാന്‍ രാഹുല്‍ കേ സാഥ് ഹൈ' എന്ന പേരില്‍ മലബാര്‍ മേഖലാ ജാഥ നടത്തും. 13ന് രാവിലെ 10ന് കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയില്‍ നിന്നാരംഭിക്കുന്ന ജാഥ 17ന് പാലക്കാട് സമാപിക്കും. ജാഥ സംഘടനയുടെ ദേശീയ കണ്‍വീനര്‍ കൊല്ലം പണിക്കര്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 34 സ്വതന്ത്ര കര്‍ഷക സംഘടനാ ഭാരവാഹികള്‍ ജാഥയില്‍ പങ്കെടുക്കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബേബി സക്കറിയാസ്, മാര്ട്ടിന് തോമസ്, അഡ്വ. ബിനോയ് തോമസ്, ഹരിദാസ്, എ. മുകുന്ദന്, അന്‍വര്‍ കരുവഞ്ചാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."