എയര്‍ഇന്ത്യ മുങ്ങിച്ചാവാതിരിക്കാന്‍ സര്‍ക്കാര്‍ കോടികള്‍ ചൊരിയണം
രാജ്യത്തിന്റെ അഭിമാനമെന്നു കണക്കാക്കപ്പെട്ടിരുന്ന പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ഇന്ത്യ തകര്‍ച്ചയുടെ വക്കില്‍. സര്‍ക്കാര്‍ അടിയന്തിരമായി 2100 കോടി രൂപ അനുവദിച്ചില്ലെങ്കില്‍ കുറഞ്ഞനാളുകള്‍ പോലും പിടിച്ചുനില്‍ക്കാനാവാത്ത ഗതികേടിലാണ് എയര്‍ ഇന്ത്യയെന്ന് അതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
2100 കോടി രൂപ സര്‍ക്കാര്‍ കനിഞ്ഞു നല്‍കുന്നതോടെ എയര്‍ ഇന്ത്യ രക്ഷപ്പെടുമെന്നു കരുതേണ്ട. അത് ജീവന്‍നിലനിര്‍ത്താനുള്ള അടിയന്തരസഹായമാണ്. വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെടാതിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്തി ചിറകുവിടര്‍ത്തി അഭിമാനത്തോടെ പറക്കാനും വീണ്ടും വേണം പരസഹസ്രം കോടികള്‍.
ദേശീയവും വിദേശീയവുമായ മറ്റു വിമാനക്കമ്പനികളുമായി മത്സരിച്ചു നില്‍ക്കാനാവാത്ത അവസ്ഥയിലാണ് എയര്‍ഇന്ത്യ. ഇന്ത്യയിലെ സ്വകാര്യവിമാനക്കമ്പനികളുള്‍പ്പെടെ കൂടുതല്‍ സൗകര്യവും ആകര്‍ഷണീയതയുമുള്ള വിമാനങ്ങള്‍ ഇറക്കി സര്‍വീസ് നടത്തുമ്പോള്‍ കാലപ്പഴക്കം വന്ന വിമാനങ്ങള്‍ മാറ്റി പുതിയവ കൊണ്ടുവരാന്‍ എയര്‍ഇന്ത്യയ്ക്കു കഴിയുന്നില്ല.
ഇതിന്റെ ഫലമായി ആഭ്യന്തര വിപണിയില്‍ എയര്‍ ഇന്ത്യയുടെ വരുമാനം മൊത്തമുള്ളതിന്റെ പത്തുശതമാനത്തിലും താഴെയാണ്. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ വരുമാന നഷ്ടത്തിന്റെ തോത് ഇനിയും ഇടിയും. ആ അവസ്ഥയില്‍ വിമാനസര്‍വീസ് നടത്താനാവാത്ത ഗതിവരും. ഇപ്പോള്‍ത്തന്നെ എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ക്കു പല മാസങ്ങളിലും ശമ്പളം വൈകുന്നതായി ആരോപണമുണ്ട്.
എത്ര തുക സര്‍ക്കാര്‍ നല്‍കിയാലും എയര്‍ഇന്ത്യയെ രക്ഷിച്ചെടുക്കാനാകുമോയെന്ന ആശങ്കയുമുണ്ട്. കാരണം, 2021 നുള്ളില്‍ സ്വന്തം കാലില്‍ നില്‍ക്കാനാകണമെന്ന ഉപാധിയോടെ 2011 ല്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ എയര്‍ ഇന്ത്യക്കു 30,321 കോടി രൂപ നല്‍കിയിരുന്നു. എന്നാല്‍, ഏഴു കൊല്ലം പിന്നിട്ടപ്പോഴേയ്ക്കും എയര്‍ ഇന്ത്യയുടെ നഷ്ടം 50,000 കോടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."