സി.പി.എമ്മിനോട് രാഹുല്‍ മറുപടി പറയാത്തത് സഹിഷ്ണുത കൊണ്ട്: ഉമ്മന്‍ചാണ്ടി
മാനന്തവാടി: സഹിഷ്ണുത കൊണ്ടാണ് സി.പി.എമ്മിനെതിരേ പ്രതികരിക്കില്ലന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതെന്നും തെരഞ്ഞെടുപ്പില്‍ മുഖ്യശത്രു ബി.ജെ.പി തന്നെയാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മതേതര സര്‍ക്കാരിന് വേണ്ടി ദേശീയ തലത്തില്‍ ഒന്നിക്കുമ്പോള്‍ അതില്‍നിന്ന് ഇടത് പാര്‍ട്ടികള്‍ക്ക് മാറി നില്‍ക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയ തലത്തില്‍ താഴെയിറക്കേണ്ടത് മോദി സര്‍ക്കാരിനെയാണ്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക എതിര്‍കക്ഷികള്‍ ഉണ്ടാവാം. അതിനാല്‍ കേരളത്തില്‍ സി.പി.എമ്മിനോട് തന്നെയാണ് മത്സരം. വിശാല സഖ്യത്തില്‍ സി.പി.എമ്മും ഉണ്ടാകണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആഗ്രഹം. എന്നാല്‍ മുന്‍പു നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്വീകരിച്ച നിലപാടില്‍ കിടന്ന് കറങ്ങുകയാണ് സി.പി.എം.
കോണ്‍ഗ്രസ് എക്കാലത്തും വിശ്വാസികളോടൊപ്പമാണ്. എന്നാല്‍ ശബരിമല വിഷയത്തിന്റെ പേരില്‍ വോട്ട് ചോദിക്കില്ല. അടിസ്ഥാന വര്‍ഗത്തിനു വേണ്ടിയുള്ളതാണ് യു.പി.എയുടെ പ്രകടന പത്രിക. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ച ചെയ്താണ് പ്രകടന പത്രിക തയാറാക്കിയത്.
കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കി മിനിമം വരുമാനം എല്ലാവര്‍ക്കും ഉറപ്പു നല്‍കുന്ന ഈ പ്രകടന പത്രിക രാജ്യം ചര്‍ച്ച ചെയ്യുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."