'മാതൃകാ കള്ളന്‍'; കുളിച്ചു വൃത്തിയായി, മെസില്‍ കഞ്ഞിയുണ്ടാക്കി കഴിച്ചു, കട്ടു മടങ്ങി
വെള്ളമുണ്ട: മഴക്കാലത്ത് മോഷണം പതിവാണങ്കിലും മോഷണ സ്ഥലത്ത് മണിക്കൂറുകളോളം ചിലവിട്ട് കഞ്ഞി വെച്ച് കുടിച്ച്, വെള്ളം ചൂടാക്കി കുളിച്ച് പണവുമായി മടങ്ങുന്ന കള്ളന്‍മാരെക്കുറിച്ച് കേട്ടിട്ടുണ്ടോ? മോഷണം മെസ്സ് ഹൗസിലാകുമ്പോള്‍ കഞ്ഞി കുടിക്കാതെ പറ്റുമോ?
വെള്ളമുണ്ട എട്ടേ നാലില്‍ എ.യു. പി. സ്‌കൂളിന് മുമ്പിലെ രുചി മെസ്സ് ഹൗസിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടാവ് കയറി കഞ്ഞി വെച്ച് കുടിച്ചത്. കുറച്ച് സ്ത്രീകള്‍ ചേര്‍ന്ന് സ്വയം സംരംഭമായി നടത്തുന്ന വനിതാ മെസ്സാണിത്. അരി വേവാന്‍ എടുക്കുന്ന മണിക്കുറുകള്‍ കൊണ്ട് കുളിക്കാന്‍ വെള്ളവും ചൂടാക്കി. കുളിച്ചു.
കുളി കഴിഞ്ഞ് ഉണ്ടായിരുന്ന ചില്ലറ നാണയങ്ങളും നോട്ടുകളും എണ്ണി തിട്ടപെടുത്തി, പാലിയേറ്റീവ് യൂണിറ്റിന്റെ സംഭാവന പെട്ടിയിലെയും ഡെയ്‌ലി കലക്ഷന്‍ പെട്ടിയിലെയും വാടക ബുക്കിലെയും പണവും എല്ലാ ചേര്‍ന്ന് അയ്യായിരം രൂപ എടുത്തപ്പോള്‍ 50 പൈസയുടെ നാണയം എടുക്കാതിരിക്കാന്‍ കള്ളന്‍ നന്നായി ശ്രദ്ധിച്ചു. കുളിക്കുമ്പോള്‍ പുതിയ സോപ്പ് തന്നെ ഉപയോഗിക്കാനും ശ്രദ്ധിച്ചു. പാപഭാരം കഴുകി കളയാനായിരിക്കണം ,മെസ്സിലുണ്ടായിരുന്ന മൂന്ന് പുതിയ സോപ്പുകളും ഉപയോഗിച്ചു.
കുളിച്ച തോര്‍ത്ത് മേശപ്പുറത്ത് വിരിച്ചിടാനും കൊണ്ടുവന്ന പിച്ചാക്കത്തിയും സ്പാനറും ലൈറ്റുറും മെസ്സ് ഹൗസില്‍ ഉപേക്ഷിക്കാനും കള്ളന്‍ മറന്നില്ല. തൊട്ടടുത്ത് പബ്ലിക് ലൈബ്രറിയില്‍ രാത്രി രണ്ട് മണി വരെ ഫുട്‌ബോള്‍ കളി കാണുന്നവര്‍ ഉണ്ടായിരുന്നു. നല്ല മഴയായിരുന്നതിനാല്‍ സ്ത്രീകള്‍ രാവിലെ മെസ്സ് തുറക്കാനെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. വെള്ളമുണ്ട പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതേ സ്റ്റേഷന്‍ പരിധിയിലാണ് കഴിഞ്ഞ ആഴ്ച ഇരട്ട കൊലപാതകവും പിന്നീട് ഒരു വീട്ടില്‍ മോഷണ ശ്രമവും നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."