HOME
DETAILS
MAL
നെടുമ്പാശേരി വിമാനത്താവളം കൈപ്പിടിയിലൊതുക്കണം; അസാധാരണ നീക്കവുമായി കൊച്ചി സിറ്റി പൊലിസ്
backup
July 13 2020 | 05:07 AM
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ സംഭവം വന്‍ കോളിളക്കമുണ്ടാക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളം തങ്ങളുടെ കീഴിലാക്കാന്‍ അസാധാരണ നീക്കവുമായി കൊച്ചി സിറ്റി പൊലിസ്. നിലവില്‍ ആലുവ റൂറല്‍ എസ്.പിയുടെ പരിധിയില്‍ വരുന്ന വിമാനത്താവളം തങ്ങളുടെ കീഴിലാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കൊച്ചി സിറ്റി പൊലിസ് ആഭ്യന്തര വകുപ്പിന് കത്തുനല്‍കിയത്.
നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന കൊച്ചിയിലെ എയര്‍ലൈന്‍സ് ഓഫിസില്‍ ജോലി ചെയ്തുവെന്നത് പൊലിസിന്റെ പുതിയ നീക്കത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
കേസിലെ മറ്റൊരു പ്രതിയായ സന്ദീപിന്റെ കൊച്ചി വിമാനത്താവളം വഴിയുള്ള യാത്രകളും ദുരൂഹമാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എയുടെ അന്വേഷണ പരിധിയില്‍ ഈ വിഷയങ്ങളും വരുമെന്ന് വ്യക്തമാണ്. പൊലിസ് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ വിജയ് സാഖറെ ഇത്തരമൊരു ശുപാര്‍ശ നല്‍കിയതെന്നാണ് അറിയുന്നത്.
ഇതിനിടെ അധികാര പരിധി മാറ്റവുമായി ബന്ധപ്പെട്ട പൊലിസ് സേനക്കുള്ളില്‍ തന്നെ അഭിപ്രായ ഭിന്നത ശക്തമാണ്.
നിലവില്‍ ആലുവ റൂറല്‍ എസ്.പിയുടെ കീഴിലുള്ള ആലുവ സബ് ഡിവിഷന്‍ പരിധിയിലാണ് നെടുമ്പാശേരി വിമാനത്താവളമുള്ളത്. ഇവിടുത്തെ സ്വര്‍ണമുള്‍പ്പെടെയുള്ള കള്ളക്കടത്ത് കേസുകള്‍ ആലുവ ഡിവൈ.എസ്.പിയാണ് കൈകാര്യം ചെയ്തു വരുന്നത്.
ഇത്തരം കേസുകളില്‍ ആലുവ ഡിവൈ.എസ്.പിയെ മറികടന്ന് കൊച്ചി സിറ്റി പൊലിസ് നേരിട്ട് നിയന്ത്രിക്കുന്നതും കൈകാര്യം ചെയ്യുന്നതും വിവിധ പൊലിസ് സബ്ഡിവിഷനുകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിമാനത്താവളത്തിനുള്ളിലെ സുരക്ഷ കൈകാര്യം ചെയ്യുന്ന സി.ഐ.എസ്.എഫും പൊലിസുമായി അധികാര പരിധിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ പതിവാണ്. അതിന് പുറമേ പൊലിസ് ഡിവിഷനുകള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടാകുന്നത് വിമാനത്താവളവുമായി ബന്ധപ്പെട്ട കള്ളക്കടത്ത് സംഘങ്ങള്‍ക്കാകും ഗുണം ചെയ്യുകയെന്നും വിലയിരുത്തപ്പെടുന്നു. കൊച്ചി സിറ്റി പൊലിസ് പരിധിയിലേക്ക് വിമാനത്താവളത്തിന്റെ നിയന്ത്രണം മാറ്റുന്നതോടെ ഇവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊലിസ് സംവിധാനം പ്രത്യേകമായി തുടങ്ങേണ്ടി വരും.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ അധികമായി പൊലിസുകാരെ നിയോഗിക്കുന്നതും സിറ്റി പൊലിസിന് വലിയ തലവേദനയാകും. നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒളിവിലുള്ള പ്രതികളെ കണ്ടെത്തുന്നതിനടക്കം ഒരു നീക്കവും നടത്താതിരുന്ന കേരളാ പൊലിസ് നെടുമ്പാശേരി വിമാനത്താവളം കൊച്ചി സിറ്റി പൊലിസ് പരിധിയിലാക്കുന്നതിന് ശുപാര്‍ശ ചെയ്യുന്നത് സംശയങ്ങളുയര്‍ത്തുന്നുണ്ട്. വി.ഐ.പി യാത്രക്കാരുടെ വരവിനും പോക്കിനും സുരക്ഷയൊരുക്കേണ്ട ഉത്തരവാദിത്തം കൂടി അധികമായി ഏല്‍ക്കേണ്ടി വരുമെന്നിരിക്കെ സാധാരണയായി വിമാനത്താവള പരിധി ഒഴിവാക്കുകയാണ് പതിവ്. ശുപാര്‍ശയില്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുമെന്നതും നിര്‍ണായകമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."