പ്രീതാ ഷാജിയുടെ വീട് ഒഴിപ്പിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി
കൊച്ചി: ഇടപ്പള്ളിയിലെ പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീതാ ഷാജിയുടെ വീട് ജപ്തി നടക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. മൂന്നാഴ്ചക്കുള്ളില്‍ പ്രശ്‌നപരിഹാരം കാണാന്‍ ഹൈകോടതി നിര്‍ദേശിച്ചു. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു.
ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടായിരുന്നു. ഉത്തരവ് നടപ്പാക്കാന്‍ കഴിയാതെ പോയാല്‍ നീതിന്യായ വ്യവസ്ഥയുടെ മരണമണിയാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. രാജ്യത്തെ നിയമസംവിധാനം തകര്‍ക്കരുതെന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം പ്രീത ഷാജിയുടേത് സാമൂഹിക പ്രശ്‌നമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രീത പാവപ്പെട്ട സ്ത്രീയാണെന്നും പ്രശ്‌ന പരിഹാരത്തിനായി ഒരു മാസത്തെ സമയം തരണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മൂന്നാഴ്ച സമയം അനുവദിച്ചത്.
ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് പ്രീതാ ഷാജിയുടെ കിടപ്പാടം ഒഴിപ്പിക്കാനുള്ള പൊലിസ് ശ്രമങ്ങള്‍ നിര്‍ത്തിവയ്ച്ചത്. കഴിഞ്ഞ ദിവസം രാവിലെ പോലിസിന്റെ സഹായത്തോടെ അഭിഭാഷക കമ്മിഷനും ആര്‍.ഡി.ഒയും ജപ്തി നടപടികള്‍ക്കായി എത്തിയെങ്കിലും മാനാത്തുപാടം പാര്‍പ്പിട സംരക്ഷണ സമിതിയുടെയും സര്‍ഫാസി വിരുദ്ധ ജനകീയ സമിതിയുടെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ആരംഭിച്ചതോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാകാതെ മടങ്ങുകയായിരുന്നു.
1995ല്‍ സുഹൃത്തിന് ലോണെടുക്കാന്‍ ജാമ്യം നിന്നതായിരുന്നു ഷാജി. എന്നാല്‍ ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ ഈട് നല്‍കിയ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നടപടികളുമായി ബാങ്ക് മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടയില്‍ ഇവരുടെ വീടും സ്ഥലവും 38 ലക്ഷം രൂപക്ക് ലേലത്തില്‍ പിടിച്ച രശീത് സമര്‍പ്പിച്ച ഹരജിയിലായിരുന്നു ജപ്തി നടപടികളുമായി മുന്നോട്ടു പോകുവാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇതിന് മുന്‍പ് രണ്ടുതവണ ഒഴിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രതിഷേധം ഭയന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."