രാജ്യത്ത് അതിശക്തമായ മഴ: ആറു സംസ്ഥാനങ്ങളിലായി 55 പേര് മരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് മഴ ശക്തി പ്രാപിച്ചു. നിരവധി സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മറ്റു ദുരിതങ്ങളും അനുഭവപ്പെടുന്നു. ആറു സംസ്ഥാനങ്ങളിലായി 55 പേര് മരിച്ചുവെന്നാണ് ഇതുവരെയുള്ള കണക്ക്. മഹാരാഷ്ട്ര, അസം, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍, ഗുജറാത്ത്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളെയാണ് ഏറെ ബാധിച്ചത്.
അസമിലും മഹാരാഷ്ട്രയിലുമാണ് കൂടുതല്‍ മരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ മഴ ഇനിയും ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഹാരാഷ്ട്ര
ജൂണ്‍ ഒന്നു മുതല്‍ ജൂലൈ ഒന്‍പതു വരെയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ 62 പേരാണ് മരിച്ചത്. ജൂലൈയില്‍ മാത്രം 14 മരണങ്ങള് സംഭവിച്ചു.
മുംബൈയിലാണ് സീസണിലെ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. താനെയിലും നവി മുംബൈയിലുമായി ഏഴു പേര് മരിച്ചു.
ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിലെ ഡെറാഡുണില്‍ ഏഴു പേര് മരിക്കുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ നാലു പേര് ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇവരുടെ വീട് തകര്‍ന്നുവീണാണ് അപകടം സംഭവിച്ചത്.
മണിപ്പൂര്‍
തമംങ്ലോങ് ജില്ലയില്‍ മൂന്നിടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒന്‍പതു പേര് മരിച്ചു. കൂടുതല്‍ കുട്ടികളാണ്. ഏഴു മൃതദേഹങ്ങള്‍ കണ്ടെടുത്തു. രണ്ടുപേര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു.
അസം
നാലു ജില്ലകളെ പ്രളയം ബാധിച്ചു. 17 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24,000 പേര് പ്രളയത്തില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ഔദ്യോഗിക അറിയിപ്പ്.
ഗുജറാത്ത്
ഭാരൂഛ് ജില്ലയില്‍ മഴമൂലം രണ്ട് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ മഴ തുടരുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
പശ്ചിമബംഗാള്‍
കൊടുങ്കാറ്റിലും മഴയിലും പെട്ട് അഞ്ചു പേരാണ് പശ്ചിമബംഗാളില്‍ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."