പൊരിവെയിലില്‍ ഒരു 'മഴയാത്ര'
തൃക്കരിപ്പൂര്‍: മഴയെ അറിയാന്‍ സംഘടിപ്പിച്ച മഴയാത്രയില്‍ നിന്നു മഴ വിട്ടു നിന്നു. ഫലം പൊരിവെയില്‍ മഴയായി സങ്കല്‍പ്പിച്ച് സംഘാടകര്‍ 'മഴയാത്ര' പൂര്‍ണമാക്കി. കടലിനെയും കായലിനെയും അറിഞ്ഞും പരിസ്ഥിതി ഗീതങ്ങള്‍ ആലപിച്ചുമാണ് വലിയപറമ്പ ദ്വീപില്‍ മഴയാത്രയ്ക്കു പദ്ധതി തയാറാക്കിയത്. എന്നാല്‍, മഴ പ്രതീക്ഷിച്ച് സംഘടിപ്പിച്ച മഴ യാത്രയില്‍ സംഘാടകരെയും കുട്ടികളെയും മഴ നിരാശപ്പെടുത്തിയതോടെ മഴയാത്ര വെയില്‍ യാത്രയായി.
12 കിലോമീറ്ററുകളോളം ഒരിറ്റുപോലും മഴപെയ്യാതിരുന്നത് എല്ലാവരെയും ഒരുപോലെ നിരാശരാക്കി. മാത്രമല്ല കടുത്ത വെയില്‍ കാരണം പലരും യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ചു. യാത്ര തുടങ്ങുന്നതിന് മുന്‍പു തന്നെ കുട്ടികള്‍ വാടി തളര്‍ന്നു തുടങ്ങിയിരുന്നു. നീലേശ്വരം ബ്‌ളോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന ആശുപത്രി ഒപ്പമുണ്ടായിരുന്നത് വാടിത്തളര്‍ന്ന് അവശരായ പല കുട്ടികള്‍ക്കും സഹായകമായി.
കാസര്‍കോട് ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഡയറ്റ്, സര്‍വശിക്ഷാ അഭിയാന്‍, ഗ്രീന്‍ കമ്മ്യൂണിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണു കര്‍ക്കിടകം ഒന്നായ ഇന്നലെ വലിയപറമ്പില്‍ മഴയാത്ര സംഘടിപ്പിച്ചത്. പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആതിഥ്യമരുളിയ മഴയാത്രയില്‍ വിവിധ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നുള്ള ഇക്കോ ക്ലബിലെയും ഹരിത സേനയിലെയും യൂനിഫോം ധരിച്ച ആയിരത്തോളം വിദ്യാര്‍ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും അണിചേര്‍ന്നു. കവ്വായിക്കായലിന്റെ സംരക്ഷണത്തിനുള്ള കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് മഴയാത്ര സംഘടിപ്പിച്ചത്.
ഒരിയര പുളിമൂട്ടില്‍ നിന്ന് തുടക്കം കുറിച്ച യാത്രക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ് അധ്യക്ഷയായി. വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍, ജില്ലാപഞ്ചായത്ത് അംഗം പി.സി സുബൈദ, ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്‌മോഹന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ശോഭീന്ദ്രന്‍ പ്രസംഗിച്ചു. സി.പി ശുഭ മഴക്കവിത അവതരിപ്പിച്ചു. അശോകന്‍ പേരാമ്പ്ര നിര്‍മിച്ചെടുത്ത പച്ചയോല തൊപ്പി ധരിച്ചാണ് പലരും യാത്രയില്‍ അണി ചേര്‍ന്നത്.
കടല്‍ക്കരയിലൂടെയും കായലരികിലൂടെയും ഇടയിലെക്കാട് ദ്വീപ് വരെയുള്ള യാത്രയില്‍ കടലോരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചും കടലാക്രമണം തടയുന്ന മുളത്തൈകള്‍ വച്ചുപിടിപ്പിച്ചും കായലോരത്ത് കണ്ടല്‍ ചെടികള്‍ വച്ചുപിടിപ്പിച്ചും യാത്ര ഫലപ്രദമാക്കി. ജൈവ വൈവിധ്യത്തില്‍ സമ്പന്നമായ ഇടയിലെക്കാട് കാവിനെ യാത്രയില്‍ അണിചേര്‍ന്നവര്‍ വലം വെച്ചു. തുടര്‍ന്ന് ഇടയിലെക്കാട്ടിലെ വാനരന്‍മാര്‍ക്കു നിത്യവും അന്നമൂട്ടുന്ന ചാലില്‍ മാണിക്യവുമായി വിദ്യാര്‍ഥികള്‍ സംവദിച്ചു. ഇടയിലെക്കാട് ബണ്ട് പരിസരത്തു കായലില്‍ കണ്ടല്‍ വച്ചുപിടിപ്പിച്ചും നീരാടിയും പ്രകാശന്‍ കുതിരുമ്മലിന്റെ മഴമേളത്തോടെ മഴയാത്ര സമാപിച്ചു.
സമാപനം പ്രൊ. എം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വി.കെ കരുണാകരന്‍ അധ്യക്ഷനായി. ആനന്ദ് പേക്കടം, ഡോ. ടി.എം സുരേന്ദ്രനാഥ്, പവിത്രന്‍ തോഴമ്മല്‍, തമ്പാന്‍ വാഴുന്നോറടി, ടി.കെ സന്തോഷ്, പ്രകാശന്‍ കുതിരുമ്മല്‍,രാജു നെടുങ്കണ്ടം, സി കുമാരന്‍, എ.ജി ആഷിഖ് നിസാമി പ്രസംഗിച്ചു. പി വേണുഗോപാലന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."