ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്: കാലാവധി നീട്ടി
മലപ്പുറം: പൊതുവിദ്യാഭ്യാസ ഏകീകരണം ഉള്‍പ്പെടെ സമഗ്രമാറ്റം നിര്‍ദേശിക്കുന്ന ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ രണ്ടാംഭാഗം സമര്‍പ്പിക്കുന്നതിനുള്ള കാലാവധി നീട്ടി.
ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറിയും ഏകീകരിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിഷന്റെ ആദ്യഭാഗം റിപ്പോര്‍ട്ടിനെതിരേ വിവിധ അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. നിയമസഭയില്‍പോലും ചര്‍ച്ച ചെയ്യാതെ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത് അംഗീകരിക്കില്ലെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്.
ലയനം നടപ്പായാല്‍ കേരളത്തില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി പഠിച്ചിറങ്ങുന്നവര്‍ ദേശീയ, രാജ്യാന്തര പരീക്ഷകളില്‍ പിന്തള്ളപ്പെടുമെന്നും അധ്യാപകരുടെ പ്രൊമോഷന്‍ സാധ്യത കുറയുമെന്നും ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ്.
ആദ്യഭാഗത്തിനെതിരേ ശക്തമായ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ പഠനം നടത്തിയ ശേഷം മതി രണ്ടാംഭാഗമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. സമിതി ചെയര്‍മാനും എസ്.സി.ഇ.ആര്‍.ടി മുന്‍ ഡയരക്ടറുമായ ഡോ.എം.എ ഖാദറിന്റെ അഭ്യര്‍ഥനപ്രകാരം ഓഗസ്റ്റ് 31 വരെയാണ് കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
2009ലെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നംഗ വിദഗ്ധ സമിതിയെ 2017ലാണ് സര്‍ക്കാര്‍ നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."