ബി.ജെ.പി പ്രകടനപത്രിക കാപട്യം നിറഞ്ഞത്: എ.കെ ആന്റണി
കണ്ണൂര്‍: ബി.ജെ.പി പുറത്തിറക്കിയ പ്രകടനപത്രിക കാപട്യം നിറഞ്ഞതാണെന്ന് എ.ഐ.സി.സി പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി. കണ്ണൂരില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ സുപ്രിംകോടതിയെ ബോധ്യപ്പെടുത്തുമെന്ന് പറയുന്ന നരേന്ദ്ര മോദി ശബരിമലയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കേണ്ട ആവശ്യമുണ്ടോയെന്നു വ്യക്തമാക്കണം. എന്‍.ഡി.എ പ്രകടനപത്രിക പാലം കടക്കാനുള്ള അടവുമാത്രമാണ്. അതിനുവേണ്ടി വച്ച വെള്ളം അടുപ്പത്തുനിന്നു ഇറക്കിവയ്ക്കണം. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് അന്ത്യംകുറിക്കാനുള്ള ഏറ്റവും വലിയ ഒറ്റമൂലി വോട്ടവകാശമാണെന്നും ആന്റണി പറഞ്ഞു.
രാജ്യത്തിന്റെ നിലനില്പിനു മോദി സര്‍ക്കാരിനെ താഴെയിറക്കല്‍ എല്ലാവരുടെയും ആവശ്യമാണ്. മോദി സര്‍ക്കാര്‍ പോയേ തീരൂ. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പിണറായി സര്‍ക്കാരും കേരളത്തില്‍ വട്ടപ്പൂജ്യമാകും. അഹങ്കാരവും ധാര്‍ഷ്ട്യവും വെടിയണമെങ്കില്‍ ഇടതിനു വോട്ടിലൂടെ അടികൊടുക്കണം. അഞ്ചുവര്‍ഷം കൂടി അധികാരത്തിലേറിയാല്‍ പുതിയ ഇന്ത്യയെ സൃഷ്ടിക്കുമെന്നാണു ബി.ജെ.പി പറയുന്നത്. മോദി ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ആര്.എസ്.എസിന്റെ ഇന്ത്യയാണെന്നും എ.കെ ആന്റണി വ്യക്തമാക്കി.ടി.ഒ മോഹനന് അധ്യക്ഷനായി. വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, സതീശന് പാച്ചേനി, എം.എല്‍.എമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, ടി. ആസിഫലി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."