വയനാട്ടിലെ 15 ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു
കല്‍പ്പറ്റ: ആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ലയിലെ 15 ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു.
മേപ്പാടി, അമ്പലവയല്‍ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററുകളും കുറുക്കന്‍മൂല, എടവക, തൊണ്ടര്‍നാട്, ചീരാല്‍, പടിഞ്ഞാറത്തറ, ചെതലയം, വാഴവറ്റ, പാക്കം, സുഗന്ധഗിരി, പൊഴുതന, കോട്ടത്തറ, ബേഗൂര്‍, വെള്ളമുണ്ട എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയുമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുക.
കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നതൊടെ ആഴ്ച്ചയില്‍ എല്ലാ ദിവസവും ഒ.പി പ്രവര്‍ത്തിക്കും. വൈകീട്ട് ആറ്‌വരെ ഡോക്ടറുടെ സേവനവും ലഭിക്കും. രണ്ട്് ഡോക്ടര്‍മാരെ അധികമായി ഇത്തരം കേന്ദ്രങ്ങളില്‍ നിയമിക്കും. കൂടുതല്‍ പരാമെഡിക്കല്‍ ജീവനക്കാര്‍, മെച്ചപ്പെട്ട ഫാര്‍മസി, ലാബ്‌സൗകര്യങ്ങളും ഇവിടെ ഉണ്ടാകും. കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഓരോ കേന്ദ്രങ്ങളിലും മെച്ചപ്പെടുത്തേണ്ട സൗകര്യങ്ങളെ കുറിച്ച് വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. നിലവിലെ കെട്ടിടങ്ങള്‍ മാര്‍ഗരേഖകള്‍ക്കനുസരിച്ച് നവീകരിക്കും. പുതിയ കെട്ടിടങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നിര്‍മാണം നടത്തും. യോഗത്തില്‍ എ.ഡി.എം കെ.എം രാജു, ഡെപ്യൂട്ടി ഡി.എം.ഒ പി ജയേഷ്, എന്‍.എച്ച്.എം പ്രോഗ്രാം ഓഫിസര്‍ ഡോ. അഭിലാഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."