ഉത്തരവില്‍ വ്യക്തത വേണമെന്ന് കേരളാ അറബിക് മുന്‍ഷീസ് അസോ.
തിരുവനന്തപുരം: സംസ്ഥാനത്ത് 2011ന് ശേഷം സര്‍വിസില്‍ പ്രവേശിച്ച അധ്യാപകര്‍ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ 45 മണിക്കൂറില്‍ കുറയാത്ത കംപ്യൂട്ടര്‍ പരിശീലനം പൂര്‍ത്തിയാക്കണമെന്ന ഉത്തരവില്‍ വ്യക്തതവരുത്തണമെന്ന് കേരളാ അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഐ.ടി അറ്റ് സ്‌കൂള്‍ (കൈറ്റ്) നടത്തുന്ന പരിശീലനമോ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള തത്തുല്യ കോഴ്‌സോ പാസാകണമെന്നാണ് ഉത്തരവിലുള്ളത്. എന്നാല്‍, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിട്ടും അപേക്ഷ നിരസിക്കുന്ന സാഹചര്യമാണുള്ളത്.
ഹയര്‍സെക്കന്‍ഡറി കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍, വിവിധതരം കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവ കംപ്യൂട്ടര്‍ പരിശീലനമായി പരിഗണിച്ച് പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് എ.എ ജാഫര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. തമീമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പി.പി ഫിറോസ്, അബ്ദുല്‍ ലത്തീഫ് ബസ്മല, ഹംസ എറണാകുളം, ഇ.സി നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."