ഈജിപ്ത് പ്രസിഡന്റ് സല്മാന് രാജാവുമായി കൂടിക്കാഴ്ച്ച നടത്തി
റിയാദ്: സഊദിയിലെത്തിയ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി സഊദി ഭരണാധികാരി സല്മാന് രാജാവുമായി മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.
ഈജിപ്തും സഊദിയും തമ്മില്‍ സഹകരിക്കേണ്ടണ്ട മേഖലകളില്‍ ഊന്നിയായിരുന്നു ചര്‍ച്ചകള്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും മേഖലയിലെ രഷ്ട്രീയ, സുരക്ഷാ വിഷയങ്ങളും ചര്‍ച്ച ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സഊദി പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ ഇടപെടല്‍, യമനില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ഈജിപ്ത് കൂടി പങ്കാളിത്തം വഹിക്കുന്ന സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ യമന്‍ ദൗത്യം, സിറിയ, ഇറാഖ്, ഫലസ്തീന് വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. പ്രധാനമായും മേഖലയിലെ തീവ്രവാദ ഭീഷണികള്‍ ചെറുക്കുന്നതിനുള്ള സഹകരണങ്ങള്‍ തേടുകയാണ് ഇരുകൂട്ടരും.
നേരത്തെ, സഊദിയിലെത്തിയ സീസിക്കും സംഘത്തിനും സഊദി വന്‍ വരവേല്‍പ്പാണ് നല്‍കിയത്. സീസിയെ സ്വീകരിക്കാനായി രാജാവ് നേരിട്ട് വിമാനത്താവളത്തില്‍ എത്തിയിരുന്നു. റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍, സ്റ്റേറ്റ് മന്ത്രിയും ക്യാബിനറ്റ് അംഗവുമായ ഇസാം ബിന്‍ സഅദ്, ഈജിപ്തിലെ സഊദി അംബാസിഡര്‍ അഹ്മദ് ഖത്താന്‍, സഊദിയിലെ ഈജിപ്ത് അംബാസിഡര്‍ നാസര്‍ ഹംദി എന്നിവരും സഊദി രാജാവിനോടൊപ്പം സീസിയെ സ്വീകരിക്കാനായി റിയാദ് കിങ് സല്മാന് എയര്‍ബേസില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് യമാമ രാജകൊട്ടാരത്തില്‍ ചര്‍ച്ചകള്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."