കിഫ്ബി മസാല ബോണ്ട് റിസര്‍വ് ബാങ്ക് അനുമതിയോടെ: കോടിയേരി
കോട്ടയം: കിഫ്ബി മസാല ബോണ്ട് സ്വീകരിക്കുന്നതിലെ നടപടികളെല്ലാം സുതാര്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റിസര്‍വ് ബാങ്ക് അനുമതിയോടെയാണ് ഫണ്ട് സ്വീകരിക്കുന്നത്.
9.72 ശതമാനം പലിശയാണ് നല്‍കേണ്ടിവരുന്നത്. കൊച്ചി മെട്രോക്ക് ഇതിലും കുറഞ്ഞ പലിശക്ക് തുക ലഭിച്ചത് കേന്ദ്ര പങ്കാളിത്തത്തോടെയുള്ള പദ്ധതിയായതിനാലാണ്. 75 രാജ്യങ്ങളില്‍ നിക്ഷേപമുള്ള കമ്പനിയില്‍ നിന്നാണ് നിക്ഷേപം സ്വീകരിക്കുന്നത്.
വികസനത്തിന് തുരങ്കംവയ്ക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. എല്ലാ തെരഞ്ഞെടുപ്പുകളിലും എസ്.എന്‍.സി ലാവ്‌ലിനെ വലിച്ചിടുന്നത് കോണ്‍ഗ്രസിന്റെ ശൈലിയാണ്.മുസ്‌ലിം ലീഗിനെതിരായ യോഗിയുടെ പരാമര്‍ശത്തെ കോണ്‍ഗ്രസ് എതിര്‍ക്കാത്തത് മൃദുഹിന്ദുത്വ നയം മൂലമാണ്.
കോണ്‍ഗ്രസിന് ന്യൂനപക്ഷ പ്രേമം കേരളത്തില്‍ മാത്രമാണ്. ഉത്തരേന്ത്യയില്‍ മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദിനെയും അഹമ്മദ് പട്ടേലിനെയും കോണ്‍ഗ്രസ് പ്രചാരണരംഗത്ത് നിന്ന് മാറ്റുകയാണ്.
രാഹുല്‍ ഗാന്ധിയെ പൂണൂലിട്ട ബ്രാഹ്മണനായി ചിത്രീകരിക്കുന്നതും ഹിന്ദുത്വ നയത്തിന്റെ ഭാഗമാണ്. അയ്യപ്പന്റെ പേരില്‍ വോട്ടുപിടിക്കാന്‍ ശ്രമിക്കുന്ന സുരേഷ് ഗോപിയെ അയോഗ്യനാക്കണം. ഈശ്വരന്റെയും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വോട്ടുപിടിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണ്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അമിക്കസ്‌ക്യൂറി ചോര്‍ത്തിനല്‍കിയത് യു.ഡി.എഫിനെ സഹായിക്കാനാണ്. കോടതിയുടെ ഏത് തീരുമാനവും അംഗീകരിക്കും. അമിക്കസ്‌ക്യൂറി യു.ഡി.എഫുകാരനാണെന്ന് വ്യക്തമായതാണെന്നും കോടിയേരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."