പരിഹാരമില്ലാതെ കുരുക്ക്
കണ്ണൂര്‍: റോഡുകളുടെ ശോചനീയാവസ്ഥയും അനധികൃത പാര്‍ക്കിങും കാരണം പരിഹാരമാകാതെ നഗരത്തിലെ ഗതാഗതകുരുക്ക്. ശനിയാഴ്ചകളില്‍ വാഹന പെരുപ്പം രൂക്ഷമാവുന്ന സാഹചര്യം കണക്കിലെടുത്ത് ട്രാഫിക് പൊലിസ് നഗരത്തില്‍ കൂടുതല്‍ ശ്രദ്ധനല്‍കാറുണ്ട്. എങ്കിലും താഴെചൊവ്വയും പുതിയെതെരുവിലും ഇന്നലെയും കുരുക്കിനു മാറ്റമുണ്ടായില്ല. ട്രാഫിക് പൊലിസ് ഏറെ പണിപ്പെട്ടാണ് കണ്ണൂര്‍ നഗരത്തില്‍ മിക്കയിടത്തും ഗതാഗതം നിയന്ത്രിച്ചത്. അതേസമയം ബസുകളുടെ അമിത വേഗത കാരണം ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ നഗരത്തില്‍ ശാസ്ത്രീയമായ പാര്‍ക്കിങ് സംവിധാനം ഒരു മാസം കൊണ്ട് നിലവില്‍ വരുമെന്ന് കലക്ടര്‍ അറിയിച്ചിരുന്നു. ഇതിനായി പ്രത്യേക പദ്ധതി തയാറാക്കാനാണ് തീരുമാനം. കുരുക്കിനു പ്രധാന കാരണം നഗരത്തിലെ അനധികൃത പാര്ക്കിങ്ങാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നടപടി. കുരുക്കിനു പരിഹാരം കണ്ടെത്താനായി റോഡുകള്‍ വീതി കൂട്ടി ഡിവൈഡര്‍ നിര്‍മിച്ചെങ്കിലും ഫലം കണ്ടില്ല.
മിക്കയിടത്തും അലൈന്മെന്റ് മാറ്റിയാണ് റോഡ് വികസിപ്പിച്ചത്. തുടക്കത്തില്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞ സ്ഥലങ്ങള്‍ വിട്ടുകിട്ടാതായതോടെയാണ് രൂപരേഖയില്‍ മാറ്റമുണ്ടാക്കിയത്. ആഘോഷ വേളകളില്‍ റോഡില്‍ മണിക്കൂറുകള്‍ കുരുങ്ങിക്കിടക്കുന്ന സ്ഥിതി ഇന്നും തുടരുകയാണ്. കാല്ടെകസ് സര്‍ക്കിള്‍ വികസനം മാത്രമാണ് കുറച്ചെങ്കിലും പ്രായോഗികമായി നടപ്പാക്കിയത്. എന്നാല്‍ സിഗ്നല്‍ ലൈറ്റുകള്‍ ഘടിപ്പിക്കാതെയുള്ള കാല്‍ടെക്സ് സര്‍ക്കിളില്‍ കുരുക്ക് പതിവാണ്. ചിലയിടങ്ങളില്‍ ബസ്ബേ നിര്‍മാണം നടത്തിയെങ്കിലും ബസുകള്‍ റോഡില്‍ നിന്നു ആളെ ഇറക്കുന്നതും കയറ്റുന്നതും കുറവല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."