അസദിനെതിരേ ഒളിപ്പോരിന് അല്‍ഖാഇദ ആഹ്വാനം
ദമസ്‌കസ്: സിറിയയില്‍ ബശ്ശാറുല്‍ അസദ് സര്‍ക്കാരിന്റെ സൈന്യത്തിനെതിരേ ഒളിപ്പോരിനൊരുങ്ങാന്‍ അല്‍ ഖാഇദ ആഹ്വാനം.
അല്‍ ഖാഇദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയാണ് സിറിയയിലെ സാധുയ പ്രതിപക്ഷ സംഘത്തോട് ആക്രമണം ശക്തമാക്കാന്‍ ആഹ്വാനവുമായി രംഗത്തെത്തിയത്.
'ദൈവത്തിനു മുന്‍പില്‍ മാത്രമേ സിറിയ തലകുനിക്കൂ' എന്ന തലവാചകത്തോടെ ഇന്റര്‍നെറ്റില്‍ പുറത്തുവിട്ട സവാഹിരിയുടെ ശബ്ദരേഖയിലാണ് കുരിശുയുദ്ധക്കാരോടും അവരുടെ ശീഈ സഖ്യ സൈന്യത്തോടും നീണ്ടയുദ്ധത്തിനൊരുങ്ങാനും ക്ഷമ കൈവരിക്കാനും ആഹ്വാനംചെയ്യുന്നത്.
ശത്രുവിനെ ദുര്‍ബലപ്പെടുത്താനും ഇല്ലാതാക്കും പറ്റിയ ഏറ്റവും നല്ല മാര്‍ഗങ്ങളെന്ന നിലയില്‍ ഒളിപ്പോരിനായി സജ്ജരാകണമെന്ന് സവാഹിരി ശബ്ദരേഖയില്‍ ആവശ്യപ്പെടുന്നു.
സിറിയയില്‍ ഇസ്‌ലാമിക രാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് വിമതന്മാരെ ശത്രുക്കള്‍ ലക്ഷ്യമിടുന്നത്. പടിഞ്ഞാറും സഖ്യരാഷ്ട്രങ്ങളും അവരെ അടക്കിനിര്‍ത്താന്‍ കിണഞ്ഞുപരിശ്രമിക്കുകയാണെന്നും സവാഹിരി പറയുന്നു.
സിറിയയില്‍ സര്‍ക്കാര്‍ സൈന്യത്തോട് പോരാടുന്ന വിമതസംഘമായ അല്‍ നുസ്‌റ ഫ്രന്‍ഡ് 2016 ജൂലൈയില്‍ അല്‍ ഖാഇദയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയും ജബ്ഹതു ഫത്ഹിശ്ശാം എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു.
ഈ വര്‍ഷമാദ്യത്തില്‍ മറ്റു നാല് സായുധ സംഘങ്ങളുമായി ചേര്‍ന്ന് സംഘം ഹയാതു തഹ്‌രീരിശ്ശാം എന്ന പുതിയ മുന്നണി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."