തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അവര്‍ വിടനല്‍കി, ഒന്നുറക്കെ കരയാന്‍ പോലുമാകാതെ
മാനത്തൂര്‍ വാഹനാപകടത്തില്‍ മരിച്ച അഞ്ച് സുഹൃത്തുക്കള്‍ക്ക് നാടിന്റെ യാത്രാമൊഴി
പാലാ: ഒരു ഗ്രാമത്തെയാകെ ദുഃഖത്തിലാഴ്ത്തി യാത്രയായ സൗഹൃദകൂട്ടത്തിന്റെ വേര്‍പാടില്‍ ഒന്നുറക്കെ കരയാന്‍ പോലുമാകാതെ വെറുങ്ങലിച്ച് നിന്നവരുടെ മുന്നില്‍ മഴയായി പെയ്ത് പ്രകൃതി പോലും കണ്ണീരണിഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ടവരായ ആ അഞ്ചുപേരെ എന്നെന്നേക്കുമായി ഇല്ലാതാക്കിയ ആ ദുരന്തത്തിന്റെ ആഘാതത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയായിരുന്നു നാടും നാട്ടുകാരും.
മാനത്തൂര്‍ പള്ളി ജങ്ഷന് സമീപം കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ കടനാട് കിഴക്കേക്കര വിഷ്ണു വി.രാജ് (അപ്പൂസ് 27), ഇരുവേലിക്കുന്നേല്‍ പ്രമോദ് സോമന്‍ (28), ഓട്ടോഡ്രൈവര്‍ മലേപ്പറമ്പില്‍ എം.പി ഉല്ലാസ് (38), വല്ല്യാത്ത് അറക്കപ്പറമ്പില്‍ സുധി ജോര്‍ജ് (29), രാമപുരം വെള്ളിലാപ്പിള്ളി നടുവിലേക്കുറ്റ് ജോബിന്‍സ് കെ.ജോര്‍ജ് (ടോണി 28) എന്നിവര്‍ക്ക് കണ്ണീരോടെയാണ് നാട് യാത്രാമൊഴി നല്‍കിയത്. അയല്‍വാസികളായ വിഷ്ണു, പ്രമോദ്, ഉല്ലാസ് എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കളും കുടുംബാംഗങ്ങളും നാട്ടുകാരും അന്തിമോപചാരം അര്‍പ്പിച്ച ശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സുധി ജോര്‍ജിന്റെ മൃതദേഹം മാനത്തുര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയിലും സംസ്‌കരിച്ചു.
ജോബിന്‍സിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടത്തും. പൊതുദര്‍ശനത്തിനുശേഷം അരുണാപുരത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് രാവിലെ എട്ടിന് വെള്ളിലാപ്പള്ളിയിലെ വസതിയില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വയ്ക്കും.
ഇന്നലെ ഉച്ചയ്ക്ക് 12 മുതല്‍ കടനാട് പഞ്ചായത്ത് ഓഫിസ് പടിക്കല്‍ ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാനായി കാത്തുനിന്നത്. ഉച്ചയ്ക്ക് 2.20 ഓടെയാണ് നാടിന്റെ പ്രിയ കൂട്ടുകാരുടെ മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ എത്തിയത്. സുധി ജോര്‍ജിന്റെ നിശ്ചല ശരീരമാണ് ആദ്യം പന്തലിലേക്ക് ഇറക്കിവച്ചത്. പിന്നാലെ മറ്റുനാലുപേരുടെയും മൃതദേഹങ്ങള്‍ പന്തലിലേക്ക് നിരത്തി കിടത്തിയതോടെ അടുത്ത കൂട്ടുകാര്‍ പലരും വിതുമ്പി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ തേങ്ങലടക്കികാത്തുനിന്ന വന്‍ജനാവലി അന്ത്യോപചാരം അര്‍പ്പിച്ചതോടെ പിന്നീട് മൃതദേഹങ്ങള്‍ ആംബുലന്‍സുകളില്‍ അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."