മാതാവും ലഹരിക്കടിമയെന്ന് സംശയം
തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തിനിരയായി ഏഴു വയസുകാരന്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ നീങ്ങുന്നില്ല. സംഭവത്തില്‍ അമ്മയ്ക്ക് വ്യക്തമായ പങ്കുള്ളതായുള്ള ആരോപണങ്ങള്‍ ആദ്യം മുതല്‍ ശക്തമാണ്. ഇതിനിടെയാണ് ഇവരും ലഹരി ഉപയോഗിച്ചിരുന്നതായുള്ള ആക്ഷേപങ്ങള്‍ തെളിവ് സഹിതം പുറത്ത് വരുന്നത്.
യുവതിയുടെ സുഹൃത്തായ അരുണ്‍ ആനന്ദ് അമിതമായി മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നതായി മുന്‍പ് പൊലിസ് കണ്ടെത്തിയിരുന്നു. നിലവില്‍ ഇടുക്കിയിലെ കുടുംബശ്രീയുടെ സംരക്ഷണ കേന്ദ്രത്തിലാണ് യുവതിയും ഇളയകുട്ടിയും അമ്മൂമ്മയും ഉള്ളത്. യുവതിയുടെ മാനസിക നിലയില്‍ മാറ്റങ്ങള്‍ കാണിക്കുന്നതിനാല്‍ ഇവിടെ കൗണ്‍സിലിങ് നല്‍കി വരികയാണ്. മുന്‍പ് ആശുപത്രിയില്‍വച്ചും ഇതേ സംഘം കൗണ്‍സിലിങ് നല്‍കിയിരുന്നു.
രാത്രികാലത്ത് കൂടുതലും പുറത്തിറങ്ങിയിരുന്ന യുവതിയുടെയും അരുണിന്റെയും സഞ്ചാര രീതിയാണ് സംശയത്തിന് ഇടയാക്കുന്നത്. ഇതിനിടെ പൊലിസിന്റെ പിടിയിലായ സംഭവങ്ങളുമുണ്ട്. ഇരുവരും നഗരത്തിലെ ഒരു ബാറിലെ നിത്യ സന്ദര്‍ശകരായിരുന്നു. കാറില്‍നിന്ന് കണ്ടെത്തിയ മഴു, കുക്കര്‍, കരിങ്കല്ല് ഉള്‍പ്പെടെയുള്ളവയും സംശയത്തിനിടയാക്കുന്നു. കറക്കം കഴിഞ്ഞ് മിക്കവാറും പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ഇവര്‍ മടങ്ങി എത്തുക. ഈ സമയം രണ്ട് കുട്ടികളും വീട്ടില്‍ തനിച്ചായിരുന്നു .
അമ്മക്കെതിരെ കേസെടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് ആവര്‍ത്തിക്കുമ്പോഴും ലഹരി ഉപയോഗം അറിയില്ലെന്നാണ് പൊലിസ് ഭാഷ്യം. അതേ സമയം ഈ കേസിന്റെ നിര്‍ണായക വിവരങ്ങളില്‍ ചിലത് വിവാദമാകുമെന്ന ഭയത്തില്‍ പുറത്തുവിടാതെ പൊലിസ് രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും പറയപ്പെടുന്നു. യുവതിയുടെ മാനസികനില മാറിയ ശേഷം ഒരിക്കല്‍കൂടി മൊഴിയെടുക്കാനാണ് പൊലിസ് തീരുമാനം. കേസില്‍ അമ്മയെ പ്രതി ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് പൊലിസ് നിയമോപദേശം തേടിയതായും വിവരമുണ്ട്. നിലവില്‍ മുഖ്യ സാക്ഷിയായ ഇവര്‍ മൊഴി മാറ്റുമോ എന്ന സംശയമാണ് പൊലിസിനെ അലട്ടുന്നത്.
മുന്‍പ് കാര്യങ്ങള്‍ തുറന്ന് പറയാന്‍ മടിച്ച യുവതി അരുണ്‍ പിടിയിലായതോടെയാണ് ക്രൂരമര്‍ദനത്തിന്റെ കഥ പുറത്തുവിട്ടത്. യുവതിയെയും ഇയാള്‍ മര്‍ദിച്ചിരുന്നതായും ഇതിന്റെ പാടുകള്‍ ദേഹത്തുള്ളതായും സി.ഡബ്ല്യു.സി കണ്ടെത്തിയിരുന്നു. കുത്തഴിഞ്ഞ ജീവിതത്തിനിടെ പ്രതി യുവതിയെ നിര്‍ബന്ധിച്ച് ലഹരി ഉപയോഗിപ്പിച്ചിരുന്നതായും സംശയമുണ്ട്.
അരുണിനെ ഇന്ന്
പോക്‌സോ കോടതിയില്‍ ഹാജരാക്കും
തൊടുപുഴ: ഏഴു വയസുകാരന്‍ മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന പ്രതിയെ ഇന്ന് പോക്‌സോ കോടതിയില്‍ ഹാജരാക്കും. മൂന്നരവയസുള്ള ഇളയകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിയായ തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍ ആനന്ദിനെതിരേ പൊലിസ് മറ്റൊരു കേസെടുത്തിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഈ കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചത്. വിശദമായ ചോദ്യം ചെയ്യലിനായി രണ്ട് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന്് തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ് വ്യക്തമാക്കി.
നിലവില്‍ മുട്ടം ജയിലിലാണ് പ്രതി. മുന്‍പ് മൂന്ന് ദിവസത്തേക്ക് പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കുട്ടിയുടെ ചികിത്സ പ്രതി തര്‍ക്കമുണ്ടാക്കി വൈകിപ്പിച്ച സംഭവത്തിലും ഈ സമയത്തെ അമ്മയുടെ പെരുമാറ്റവും പൊലിസ് അന്വേഷിച്ച് വരികയാണ്. അടിയന്തര ചികിത്സ കുറച്ച്കൂടി നേരത്തെ നല്‍കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കുട്ടി രക്ഷപ്പെട്ടേനേയെന്ന് ഡോക്ടമാര്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."