കുറ്റപത്ര സമര്‍പ്പണം നീളുന്നു
കൊല്ലം: രാജ്യത്തെ ഞെട്ടിച്ച പറവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് നാളെ മൂന്നാണ്ട് തികയുമ്പോഴും കേസിലെ കുറ്റപത്ര സമര്‍പ്പണം അനിശ്ചിതത്വത്തില്‍. 110 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ കുറ്റപത്രം സമര്‍പ്പിക്കാതെ കേസ് അട്ടിമറിക്കുകയാണ് പൊലിസും ജില്ലാ ഭരണകൂടവുമെന്ന ആരോപണം ശക്തമാണ്. സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരമുള്ള അവസാന അനുമതി തേടി കുറ്റപത്രം രണ്ട് മാസം മുന്‍പ് കലക്ട്രേറ്റിലെത്തിയിട്ടും ഇതുവരെ നടപടി ആയിട്ടില്ല.
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പിയെ ഒരു മാസം മുന്‍പ് പാലക്കാട്ടേക്ക് സ്ഥലം മാറ്റി പൊലിസിലെ ഉന്നതരും തുടര്‍ നടപടികള്‍ക്ക് കടിഞ്ഞാണിട്ടു.
2016 ഏപ്രില്‍ പത്തിനായിരുന്നു വെടിക്കെട്ടപകടം. കേസ് അന്വേഷിച്ചിരുന്നത് ക്രൈംബ്രാഞ്ചായിരുന്നു. ആയിരത്തിലധികം തെളിവുകള്‍, സ്‌ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട നിരവധി പരിശോധനകള്‍, പരുക്കേറ്റവരുടെ അടക്കം 1500 പേരുടെ മൊഴികള്‍, അങ്ങനെ കേസന്വേഷണം നീണ്ടുപോയി. കഴിഞ്ഞ നവംബര്‍ 28ന് കുറ്റപത്രം തയാറായി. നിയമോപദേശത്തിന് ശേഷം ഡി.ജി.പി അനുമതിയും നല്‍കി. സ്‌ഫോടകവസ്തു നിരോധന നിയമം ഏഴാം വകുപ്പ് പ്രകാരം അപകടത്തിന് കാരണമായത് സ്‌ഫോടകവസ്തു ആയതിനാല്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ജില്ലാ കലക്ടര്‍ അനുമതി നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ജനുവരി 7ന് പ്രോസിക്യൂഷന്‍ കുറ്റപത്രം കലക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടും ഫയല്‍ ഇതുവരെയും നീങ്ങിയിട്ടില്ല. കുറ്റപത്രം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ഇതുസംബന്ധിച്ച് ലഭിച്ച മറുപടി.
ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ശ്രീധരനായിരുന്നു തുടക്കത്തില്‍ കേസന്വേഷണച്ചുമതല. അദ്ദേഹം ആറ് മാസം മുന്‍പ് സര്‍വിസില്‍ നിന്നും വിരമിച്ചതോടെ എസ്.പി റഷീദ് അന്വേഷണം ഏറ്റെടുത്തു. തുടര്‍ന്ന് ക്രൈബ്രാഞ്ച് എസ്.പി ഇ.കെ സാബു തുടരന്വേഷണം നടത്തിയെങ്കിലും അദ്ദേഹത്തെ സര്‍ക്കാര്‍ പാലക്കാട് എസ്.പിയാക്കി സ്ഥലം മാറ്റി. കേസ് ഫയല്‍ ഇപ്പോഴും തന്റെ പക്കലാണെന്നും ക്രമസമാധാന ചുമതല വഹിക്കുന്ന എസ്.പി ആയതിനാല്‍ പുറ്റിങ്ങല്‍ കേസില്‍ ശ്രദ്ധിക്കാനാകുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. കേസ് നീണ്ടുപോകുന്നതോടെ അപകടത്തില്‍ മരിച്ച 110 പേരുടെ ബന്ധുക്കള്‍ക്കും പരുക്കേറ്റ അഞ്ഞൂറിലധികം പേര്‍ക്കും നീതി ലഭിക്കുന്നതും വൈകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."