മെരുവമ്പായി പാലത്തില്‍ വാഹനങ്ങള്‍ കുടുങ്ങുന്നത് പതിവാകുന്നു
ഉരുവച്ചാല്‍: മെരുവമ്പായി പാലം വാഹനയാത്രക്കാരെ വെള്ളം കുടിപ്പിക്കുന്നു. ഒരേസമയം ഒന്നിലധികം വാഹനങ്ങള്‍ പാലത്തില്‍ കയറിയാല്‍ പിന്നെ മണിക്കൂറുകളോളം ഗതാഗതം മുടങ്ങുന്ന അവസ്ഥയാണുള്ളത്. ഇന്നലെ ഒരേസമയം പാലത്തില്‍ കയറിയ രണ്ട് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി.
ഇന്നലെ വൈകിട്ട് കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസ് പാലത്തില്‍ കയറിയപ്പോള്‍ മട്ടന്നൂരില്‍ നിന്നും വരികയായിരുന്ന കാറും പാലത്തിലേക്ക് കയറുകയായിരുന്നു. വാക്കേറ്റത്തിനിടെ ഇരുവാഹനങ്ങള്‍ ഉള്‍പ്പെടെ പാലത്തില്‍ കുടുങ്ങുകയും ഇരുഭാഗത്തുമായി നീണ്ട ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്തു.
ബസ് പാലത്തില്‍ കയറ്റിയതിനെതിരേ ചെറുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ബസ് ഡ്രൈവറുമായി നടത്തിയത് കൈയാങ്കളിയിലേക്ക് നീങ്ങിയെങ്കിലും മറ്റുയാത്രക്കാര്‍ ഇടപെട്ട് സ്ഥിതിശാന്തമാക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ ഹൈവേ പൊലിസ് ഗതാഗത തടസമൊഴിവാക്കി.
തലശേരി- മട്ടന്നൂര്‍ സംസ്ഥാന പാതയിലെ പ്രധാനപാലങ്ങളിലൊന്നായ മെരുവമ്പായി പാലം തകര്‍ച്ചാഭീഷണി നേരിടാന്‍ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ അനക്കമില്ല.
മിക്ക ദിവസങ്ങളിലും പാലത്തില്‍ ഗതാഗതകുരുക്കനുഭവപ്പെടുന്നുണ്ടെങ്കിലും ഭാരവാഹനങ്ങള്‍ നിയന്ത്രണവുമില്ലാതെ ഇതിലൂടെ കടന്നു പോവുകയാണ്. ഗതാഗത തടസംഒഴിവാക്കാന്‍ പാലത്തില്‍ ഹോംഗാര്‍ഡിനെ നിയമിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."