അരക്കോടിക്ക് പണിതത് ചെറിയ കെട്ടിടം : ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി എം.എല്‍.എ
അന്തിക്കാട്: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അരക്കോടി രൂപ ചെലവഴിച്ച് പണിതതു ചെറിയൊരു കെട്ടിടമെന്ന് ആക്ഷേപമുയര്‍ന്നു.
അതേസമയം അത്യാവശ്യം വേണ്ട റെക്കോര്‍ഡ് റൂം പോലുമില്ലാതെ അന്തിക്കാട് സബ് റജിസ്ട്രാര്‍ ഓഫിസ് കെട്ടിടം പണിത പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഗീതാ ഗോപി എം.എല്‍.എ.
ഇരുനില കെട്ടിടം പണിയേണ്ടതിനു പകരം റെക്കോര്‍ഡ് റൂമില്ലാതെ ചെറിയൊരു കെട്ടിടം പണിയാന്‍ അരക്കോടി രൂപ ചെലവഴിച്ചുവെന്ന ആക്ഷേപമുയരുന്നതിനിടയിലാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എം.എല്‍.എ രംഗത്തു വന്നത്.
ഇതിനിടെ ചെത്ത് തൊഴിലാളി സഹകരണ സംഘത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന സബ് റജിസ്ട്രാര്‍ ഓഫിസ് വേഗം ഒഴിയാന്‍ സംഘത്തിന്റെ മുന്നറിയിപ്പും.
പൊതുമരാമത്ത് വകുപ്പിലെ ഉത്തരവാദിത്വപ്പെട്ട ജില്ലാ ഉദ്യോഗസ്ഥരും റജിസ്‌ട്രേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അന്തിക്കാട് സബ് രജിസ്ട്രാറും സംയുക്തമായാണു റജിസ്‌ട്രേഷന്‍ കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയതെന്ന് ഗീതാ ഗോപി എം.എല്‍.എ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ പറയുന്നു റെക്കോര്‍ഡ് റൂം ഇല്ലെന്ന്. പ്ലാനും എസ്റ്റിമേറ്റും ഉണ്ടാക്കിയവര്‍ സബ് റജിസ്ട്രാഫിസീന്റെ പ്രധാനമായ റെക്കോര്‍ഡ് ഇല്ലെന്ന് അറിയാഞ്ഞതെന്ന് എം.എല്‍.എ ചോദിച്ചു.
ഉദ്യോഗസ്ഥരുടെ തെറ്റും പിഴവും എം.എല്‍.എയുടെ തലയില്‍ കെട്ടിവച്ചു പത്രമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന രീതി നല്ല ഉദ്യോഗസ്ഥര്‍ക്ക് ചേര്‍ന്നതല്ല. അത് ഏതു ഉദ്യോഗസ്ഥനായാലും അയാള്‍ക്കെതിരേ നടപടി വേണമെന്നും ഇക്കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഗീതാ ഗോപി എം.എല്‍.എ പറഞ്ഞു.
എം.എല്‍.എയോ, ജനപ്രതിനിധികളോ അല്ല ഈ ദുരവസ്ഥക്കു കാരണം. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണു ഇതിന് കാരണമെന്നും ഗീതാ ഗോപി എം.എല്‍.എ ആരോപിച്ചു.
കെട്ടിടം പണിത് കഴിഞ്ഞതിനാല്‍ വാടക കെട്ടിടത്തില്‍ നിന്നും ഉടന്‍ ഒഴിയണമെന്ന് അന്തിക്കാട് ചെത്ത് തൊഴിലാളി സഹകരണ സംഘം യോഗം ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
ഇതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. 18 ന് ചേരുന്ന മന്ത്രിസഭ യോഗം കഴിഞ്ഞാല്‍ വകുപ്പ് മന്ത്രിയോട് സബ് റജിസ്ട്രാര്‍ ഓഫിസ് കെട്ടിടത്തിന്റെ കാര്യത്തില്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെടും.
പൊതുമരാമത്ത് ജില്ലാ എക്‌സി എന്‍ജിനിയര്‍ക്ക് നിര്‍ദ്ദേശം കൊടുത്ത് സബ് റജസ്ട്രാര്‍ ഓഫിസ് തുറക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഗീതാഗോപി എം.എല്‍.എ വ്യക്തമാക്കി. റെക്കോര്‍ഡ് റൂം പണിയാന്‍ ഇനിയും 20 ലക്ഷമാണ് വേണ്ടതെന്നു പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."