ബെള്ളൂര്‍ പഞ്ചായത്തില്‍ കാര്യങ്ങള്‍ തോന്നുംപടി
ബെള്ളൂര്‍: ബെള്ളൂര്‍ പഞ്ചായത്തില്‍ കാര്യങ്ങള്‍ തോന്നുംപടി. അധികൃതരുടെ അനാസ്ഥ മൂലം ജീവിതം ദുസ്സഹമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാരുടെ ഒഴിവുകള്‍ വര്‍ഷങ്ങളായിട്ടും നികത്തിയിട്ടില്ല. കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ ഏറെയുള്ള ബെള്ളൂരില്‍ അഞ്ചു വര്‍ഷത്തിലേറെയായി കൃഷി ഓഫിസറുമില്ല. നാട്ടുകാരുടെ ആവശ്യങ്ങള്‍ക്കു നിലവില്‍ ചാര്‍ജുള്ള കാറഡുക്കയിലെ കൃഷി ഓഫിസറെ സമീപിക്കേണ്ട അവസ്ഥയാണുള്ളത്. ഇവിടെ നിന്ന് 15 കിലോമീറ്റര്‍ യാത്ര ചെയ്യണം കാറഡുക്കയിലെത്താന്‍.
ബെള്ളൂര്‍ പഞ്ചായത്തിനും എന്‍മകജെ പഞ്ചായത്തിനുമായി ഒരു സെക്രട്ടറിയാണ് ഇപ്പോഴുള്ളത്. വില്ലേജു ഓഫിസുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി നിലവില്‍ കുമ്പഡാജെ വില്ലേജ് ഓഫിസറെ സമീപിക്കേണ്ട അവസ്ഥയാണ്. വില്ലേജ് ഓഫിസറായെത്തുന്നവര്‍ ഭരണസ്വാധീനം ഉപയോഗിച്ച് സ്ഥലം മാറിപ്പോകുകയാണു പതിവ്. കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഇത് ഏറെ പ്രയാസമുണ്ടാക്കുന്നു. പകര്‍ച്ചവ്യാധികള്‍ അടക്കമുള്ള മഴക്കാല രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ടു ചെയ്യുന്ന ഈ മേഖലയിലെ രോഗികള്‍ക്കു തുണയാകുന്ന പി.എച്ച്.സിയിലും ആവശ്യത്തിനു ജീവനക്കാരില്ല.
വേണ്ടത്ര രോഗപ്രതിരോധ മരുന്നുകളും ഇല്ലാതായതോടെ കിലോമീറ്ററുകള്‍ യാത്രചെയ്ത് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയാണ്. പൊളിഞ്ഞു കിടക്കുന്ന പി.ഡബ്ല്യൂ.ഡി റോഡുകള്‍ മഴക്കാലമായതോടെ കാല്‍നടയാത്രയ്ക്കു പോലും അസാധ്യമായ അവസ്ഥയിലാണ്.
കാലങ്ങളായി തുടരുന്ന ഈ അവഗണനക്കെതിരേ പഞ്ചായത്തിലെ യുവജന സംഘടനകളുമായി സഹകരിച്ചു ജനകീയ പ്രക്ഷോഭം നടത്താനാണ് യൂത്ത് ലീഗിന്റെ തീരുമാനം. ബെള്ളൂര്‍ പഞ്ചായത്ത് നിവാസികളോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്ക്കു പരിഹാരം ഉണ്ടാകുന്നതു വരെ വിവിധ സമരപരിപാടികളുമായി യൂത്ത് ലീഗ് മുന്നോട്ടു പോകുമെന്നും യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ കിന്നിംഗാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."