യു.ഡി.എഫിലെ കരുത്തനായ സാരഥി
തിരുവനന്തപുരം: ഇടതിനൊപ്പവും യു.ഡി.എഫിലും മാറിമാറി നിന്നിട്ടുണ്ടെങ്കിലും എന്നും യു.ഡി.എഫിന്റെ കരുത്തനായ നേതാവായിരുന്നു കെ.എം മാണി. പക്ഷേ എങ്ങോട്ടു മാറിയാലും അത് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നേട്ടമായിത്തന്നെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് കേരള കോണ്‍ഗ്രസ് രൂപീകരണത്തിലേക്കു പോയശേഷം അരനൂറ്റാണ്ടോളം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നതിനു ശേഷമാണ് കെ.എം മാണി വിടവാങ്ങിയത്.
ഇടത്തും വലത്തും ചാടിയുള്ള കെ.എം മാണിയുടെ മന്ത്രിസഭാ പ്രാതിനിധ്യം ഇങ്ങനെയാണ്. 1975ലാണ് കെ.എം മാണിയുടെ ആദ്യ മന്ത്രിസഭാസാന്നിധ്യം.
സി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായും കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായുംപ്രവര്‍ത്തിച്ചു. 79-ല്‍ വീണ്ടും ഇടതുപക്ഷത്തേക്ക് തിരിച്ചെത്തി. 80-ലെ നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി. രണ്ട് വര്‍ഷത്തിന് ശേഷം എ.കെ ആന്റണിക്ക് പിന്നാലെ വീണ്ടും എതിര്‍ചേരിയിലേക്ക്. 87 വരെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായി തുടര്‍ന്നു.
പലതവണ മുന്നണിമാറുമ്പോഴും പാര്‍ട്ടിയിലെ പിളര്‍പ്പുകള്‍ ഉണ്ടാകുമ്പോഴും കെ.എം മാണിക്ക് ഒരിക്കല്‍ പോലും ചുവട് പിഴച്ചില്ല. മന്ത്രിസ്ഥാനമോ രാഷ്ട്രീയ സ്ഥാനമാനങ്ങളോ നഷ്ടമായില്ല. 77-ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രി, 1977-78ല്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ ആഭ്യന്തരം, 78-79ല്‍ ഇടത് മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായര്‍ മന്ത്രസഭയില്‍ ആഭ്യന്തരം, 1980-81-ല്‍ നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രി, 82-ലും 91-ലും വീണ്ടും കരുണാകരനൊപ്പം ധനവകുപ്പില്‍, 95-ല്‍ ആന്റണിക്കൊപ്പം റവന്യൂ, 2001-ലും 2004-ലും ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കുമൊപ്പം റവന്യൂ വകുപ്പും നിയമവകുപ്പും 2011-ല്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം ധനകാര്യം.
അവസാന ഘട്ടത്തില്‍ യു.ഡി.എഫിനുള്ളില്‍ ഉമ്മന്‍ചാണ്ടി- കെ.എം മാണി- കുഞ്ഞാലിക്കുട്ടിയെന്ന സമവാക്യം പോലും രൂപപ്പെടുകയുണ്ടായി. യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ മാത്രമല്ല എതിരാളികളെയും പ്രത്യേകമായ മെയ്‌വഴക്കത്തോടെ നേരിടാന്‍ ഇവര്‍ക്കായി എന്നത് ശ്രദ്ധേയമാണ്.
ബാര്‍ കോഴ പ്രശ്‌നം ഗുരുതര വിഷയമായി പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരുമ്പോഴും ശക്തമായ സമരം നടത്തുമ്പോഴും കെ.എം മാണിയെന്ന രാഷ്ട്രീയ അതികായനെ സംരക്ഷിക്കുന്നതില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നടത്തിയത് സമാനതകളില്ലാത്ത സൂക്ഷ്മതയായിരുന്നു.
ഈ സമയത്ത് ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരണത്തിന് നിയമസഭയിലെത്തിയതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും രാജ്യമാകെ ചര്‍ച്ച ചെയ്‌തെങ്കിലും ഭരണപക്ഷത്തിന്റെയും ഉമ്മന്‍ചാണ്ടി, കെ.എം മാണി എന്നിവരുടെയും വിജയമായിരുന്നു.
ഇതിനിടെ ഒരു മുന്നണിയിലേക്കുമില്ലെന്നു പറഞ്ഞ് സ്വതന്ത്രനായി നിന്ന മാണിയെ അടുപ്പിക്കാന്‍ ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എം നടത്തിയ നീക്കങ്ങള്‍ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്തിരുന്നു.
സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ മാണിയെ പങ്കെടുപ്പിക്കുകയും ജനകീയ അടിത്തറയുള്ള നേതാവാണ് കെ.എം മാണിയെന്നു പുകഴ്ത്തിയ ഇ.പി ജയരാജന്റെ പ്രസ്താവനയും മുന്നണിമാറ്റത്തിന്റെ മറ്റൊരു സൂചനയാണ് നല്‍കിയത്. ഈ ഘട്ടത്തില്‍നിന്ന് താന്‍ യു.ഡി.എഫിന്റെ അഭിവാജ്യഘടകമാണെന്ന പ്രഖ്യാപനത്തോടെ കെ.എം മാണി വീണ്ടും യു.ഡി.എഫില്‍തന്നെ എത്തുകയും ചെയ്തതാണ് കെ.എം മാണിയുടെ മുന്നണിമാറ്റ ചരിത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."