HOME
DETAILS
MAL
കൊവിഡ് ബാധിതരില്‍ 73 ശതമാനവും പുരുഷന്മാരെന്ന് ആരോഗ്യ വകുപ്പ് പഠന റിപ്പോര്‍ട്ട്; രോഗലക്ഷണം പ്രകടിപ്പിക്കാതെ 42 ശതമാനം പേര്
backup
July 14 2020 | 05:07 AM
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ടുമായി ആരോഗ്യ വകുപ്പ്. കേരളത്തില്‍ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട ആദ്യ 500 പേരില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്.
സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡും വിവിധ കൊവിഡ് ആശുപത്രികളില്‍ രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാരും ഉള്‍പ്പെട്ട സ്റ്റേറ്റ് ലെവല്‍ കമ്മിറ്റിയാണ് പഠനം നടത്തി റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നല്‍കിയത്. ഈ വര്‍ഷം ജനുവരി 29ന് സംസ്ഥാനത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിക്കപ്പെട്ട ചൈനയില്‍ നിന്നെത്തിയ തൃശൂരിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി ഉള്‍പ്പടെയുള്ള ആദ്യത്തെ 500 പേരുടെ വിവരങ്ങളാണ് പഠനത്തിനു വിധേയമാക്കിയത്.
രോഗം ബാധിച്ചവരില്‍ 73.4 ശതമാനം പേരും പുരുഷന്മാരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 26.6 ശതമാനമാണ് സ്ത്രീകള്‍. രോഗബാധിതരില്‍ കൂടുതല്‍ പേരും 11നും 45നും ഇടയില്‍ പ്രായമുള്ളവരാണ്. രോഗികളില്‍ 7.4 ശതമാനം മാത്രമാണ് 60 വയസിനു മുകളിലുള്ളവര്‍. 4.4 ശതമാനം പേര് പത്തു വയസിനു താഴെയുള്ളവരും 17 ശതമാനം പേര് 46നും 60നുമിടയിലുള്ളവരുമാണ്.
രോഗം സ്ഥിരീകരിച്ചവരില്‍ 42 ശതമാനം പേരും കാര്യമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. പ്രകടിപ്പിച്ചത് 58 ശതമാനം പേരാണ്. ഏറ്റവും കൂടുതല്‍ പേരില്‍ കണ്ട രോഗലക്ഷണം തൊണ്ടവേദനയാണ്. ആകെ 32.2 ശതമാനം പേര്‍ക്കാണ് തൊണ്ടവേദനയുണ്ടായത്. ചുമ 29 ശതമാനം പേര്‍ക്കും പനി 24.2 ശതമാനം പേര്‍ക്കുമുണ്ടായി.
ശരീരവേദന 10.8 ശതമാനം പേര്‍ക്കും തലവേദന എട്ടു ശതമാനം പേര്‍ക്കുമുണ്ടായി. മണം തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ, ഛര്‍ദ്ദി തുടങ്ങിയവ താരതമ്യേന കുറഞ്ഞ തോതിലായിരുന്നു അനുഭവപ്പെട്ടത്. ആകെ 4.2 ശതമാനം പേരില്‍ മാത്രമാണ് ഗുരുതരമായ ലക്ഷണങ്ങളുണ്ടായത്. ബാക്കി 95.8 ശതമാനം പേര്‍ക്കും ചെറിയ തോതിലുളള ലക്ഷണങ്ങള്‍ മാത്രമായിരുന്നു.
കൊവിഡുമായി സംസ്ഥാനത്ത് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."