പെരിയങ്ങാനം സ്‌കൂളില്‍ സ്മൃതിവനമൊരുങ്ങുന്നു
നീലേശ്വരം: പെരിയങ്ങാനം ഗവ.എല്‍.പി സ്‌കൂളില്‍ സ്മൃതിവനമൊരുങ്ങുന്നു. ഇക്കോ ക്ലബിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതിയാണു സ്മൃതിവനം. രണ്ടര ലക്ഷം രൂപ ഇതിനായി സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണ അവബോധം വിദ്യാര്‍ഥികളില്‍ ഉണ്ടാക്കാനും പ്രകൃതിദത്തമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കാനുമാണു സ്മൃതിവനമൊരുക്കുന്നത്. ജലസേചനത്തിനായുള്ള കുളവും ഇതിനകത്തു തന്നെ നിര്‍മിക്കും. അതില്‍ ജലജീവികളെ വളര്‍ത്താനും ലക്ഷ്യമുണ്ട്.
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പദ്ധതിക്കായി 12,500 രൂപ സെക്യൂരിറ്റിയായി ഇക്കോ ക്ലബ് കെട്ടിവച്ചതിനെ തുടര്‍ന്നാണു സര്‍ക്കാര്‍ സഹായം ലഭിച്ചത്. കമ്പിവേലി നിര്‍മാണം, ജലവിതരണ പൈപ്പിടല്‍, വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കല്‍ എന്നിവ ഇതിനകം പൂര്‍ത്തിയായി. പതിറ്റാണ്ടുകള്‍ക്കു മുമ്പു പെരിയങ്ങാനത്തെ വേങ്ങയില്‍ കുഞ്ഞമ്പു നായരാണു സ്‌കൂള്‍ ആരംഭിക്കാന്‍ നാലേക്കര്‍ സ്ഥലം സൗജന്യമായി നല്‍കിയത്. ഇതില്‍ അരയേക്കര്‍ സ്ഥലത്താണു സ്മൃതിവനം ഒരുക്കുന്നത്.
അമ്പു നായരുടെ മകനും റിട്ട.അധ്യാപകനുമായ കെ കുഞ്ഞിരാമന്‍ ചെയര്‍മാനായ ഇക്കോ ക്ലബാണ് പദ്ധതി ഏറ്റെടുത്തു നടത്തുന്നത്. പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാറിന്റെയും പ്രധാനധ്യാപകന്‍ എം.വി കുഞ്ഞികൃഷ്ണന്റെയും സഹകരണവും ഇതിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."