സ്കൂള്‍ നിര്‍മാണം വേഗത്തിലാക്കാന്‍ മാസ്റ്റര്‍പ്ലാനില്‍ ഭേദഗതി വരുത്തും
ചെറുതോണി : മുരിക്കാട്ടുകുടി ഗവ.ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളന് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ റോഷി അഗസ്റ്റിന് എം.എല്‍.എ യുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇടുക്കി നിയോജക മണ്ഡലത്തില്‍ തിരഞ്ഞെടുത്ത സ്കൂളാണിത്. ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കായി 19 ക്ലാസ് റൂമുകള്‍, ഓഡിറ്റോറിയം, ഓഫിസ് സ്റ്റാഫ് റൂം ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട നിര്‍മ്മാണത്തിന് കിഫ്ബി മുഖേന 5 കോടി രൂപയും നബാര്‍ഡ് ധനസഹായമായി 2 കോടി 80 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് മുഖേന നിര്‍മ്മിക്കുന്ന നബാര്‍ഡ് ഫണ്ടിന്റെ നിര്‍മ്മാണം ആദ്യഘട്ടവും കിഫ്ബി മുഖേനയുള്ള ഫണ്ടിന്റെ നിര്‍മ്മാണം രണ്ടാംഘട്ടമായി നിര്‍മ്മിക്കത്തക്കവിധമാണ് ഡി.പി.ആര് നല്‍കിയിരുന്നത്. എന്നാല്‍ നബാര്‍ഡ് ഫണ്ടിന്റെ തുടര്‍ നടപടികള്‍ക്ക് കാലതാമസം നേരിടുന്നതും കിഫ്ബി ഫണ്ട് സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട സാഹചര്യവും കണക്കിലെടുത്ത് ഡി.പി.ആര് ഭേദഗതി വരുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിന് കത്തു നല്‍കുന്നതിന് യോഗം തീരുമാനിച്ചു.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് ആവശ്യമായ സൗകര്യമൊരുക്കുന്നതിന് 2 കോടി 50 ലക്ഷം രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 10 കോടി 30 ലക്ഷം രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ നടത്താനാകുമെന്ന് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."