ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയം: അധ്യാപകര്‍ക്ക് തലവേദനയായി 'ഐ എക്‌സാം'
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപകര്‍ക്ക് തലവേദനയായി ഐ എക്‌സാം സോഫ്റ്റ്‌വെയര്‍. മൂല്യനിര്‍ണയം ആരംഭിക്കുന്നതിന് മുന്‍പ് അധ്യാപകര്‍ക്ക് സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്തതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.
കഴിഞ്ഞ വര്‍ഷം വരെ സി.വി ക്യാംപ് മാനേജര്‍ എന്ന സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചിരുന്നത്. ഈ വര്‍ഷം മുതലാണ് ഹൈസ്‌കൂളുകളില്‍ ഉപയോഗിച്ചിരുന്ന ഐ എക്‌സാം സോഫ്റ്റ്‌വെയര്‍ ഹയര്‍സെക്കന്‍ഡറിയിലും ബാധകമാക്കിയത്.
ഒരു ബാച്ചിന്റെ ചീഫ് അവധിയാണെങ്കില്‍ അടുത്ത സീനിയറായിരിക്കും ക്യാംപ് ചീഫ് ആവുക. എന്നാല്‍, ഒരിക്കല്‍ ഇന്‍വിജിലേറ്റര്‍ എന്ന് രേഖപ്പെടുത്തിയതിനാല്‍ പിന്നീട് അത് മാറ്റുന്നത് സോഫ്റ്റ്‌വെയറിലെ ക്രമീകരണം തടസമാവുകയാണ്. സംസ്ഥാനത്തെ പല ക്യാംപുകളിലും വിവിധ വിഷയങ്ങളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിട്ടും അധ്യാപകരുടെ ഹാജര്‍നില രേഖപ്പെടുത്താനായിട്ടില്ല. പേര് പോലും ചേര്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. സംശയങ്ങള്‍ തീര്‍ക്കാന്‍ ഹയര്‍സെക്കന്‍ഡറി ഡയരക്ടറേറ്റിലെ പരീക്ഷാ ചുമതലയുള്ള ജോയിന്റ് ഡയരക്ടര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഫോണില്‍ ബന്ധപ്പെട്ടാല്‍ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് കൃത്യമായ മറുപടി ലഭിക്കാറില്ലെന്ന് അധ്യാപകര്‍ പറയുന്നു. യാതൊരു മുന്നൊരുക്കവുമില്ലാതെ പുതിയ സോഫ്്റ്റ്‌വെയര്‍ കൊണ്ടുവന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."