പഞ്ചായത്തിനെതിരെ സി.പി.എമ്മും സി.പി.ഐയും വെവ്വേറെ സമരം
കുമളി: പഞ്ചായത്ത് ആംബുലന്‍സിന്റെ എന്‍ജിന്‍ മാറ്റിയെന്നാരോപിച്ച് സി.പി.എം,സി.പി.ഐ കക്ഷികള്‍ പഞ്ചായത്ത് ഓഫിസില്‍ സമരം നടത്തി. ആംബുലന്‍സിന്റെ യഥാര്‍ഥ എന്‍ജിന്‍ മാറ്റി മറ്റേതോ വാഹനത്തിന്റെ പഴയത് വാഹനത്തില്‍ ഘടിപ്പിച്ചതായാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്.
സംഭവം വിവാദമായതോടെ പൊലിസ് ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു. സി.പി.എം പ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചപ്പോള്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തിയാണ് സി.പി.ഐ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. 2014ലാണ് കുമളി പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ആംബുലന്‍സ് വാങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട വര്‍ഷം മുമ്പ് യാത്രക്കിടെ ഈ വാഹനം അപകടത്തില്‍പ്പെട്ടിരുന്നു.തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി ആംബുലന്‍സ് വിവിധ വര്‍ക്ഷോപ്പുകളിലേക്ക് മാറ്റി. പണികള്‍ പൂര്‍ത്തിയാക്കി അടുത്തിടെ വാഹനം പഞ്ചായത്ത് ഓഫിസില്‍ എത്തിച്ചത്.
പുതിയ പ്രസിഡന്റായി ഷീബാ സുരേഷ് ചുമതല ഏറ്റതോടെ ആംബുലന്‍സ് നിരത്തിലിറക്കാന്‍ തീരുമാനിക്കുയായിരുന്നു. ഈ വാഹനം കഴിഞ്ഞദിവസം ടെസ്റ്റിംഗിനായി വണ്ടിപ്പെരിയാര്‍ ആര്‍.ടി.ഒ.യില്‍ എത്തിച്ചിരുന്നു. പരിശോധനക്കിടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് വാഹനത്തിന്റെ എന്‍ജിനില്‍ രണ്ട് നമ്പരുകള്‍ കണ്ടെത്തിയത്. എങ്കിലും പൊതു ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനമെന്ന നിലയില്‍ ഉദ്യോഗസ്ഥര്‍ ആംബുലന്‍സിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. ഇക്കാര്യം രേഖകള്‍ ശരിയാക്കാന്‍ പഞ്ചായത്ത് നിയോഗിച്ച ഏജന്റിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യം അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗം ഷാജിമോന്‍ ശ്രീധരന്‍ നായര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍ പഞ്ചായത്ത് വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്നാരോപിച്ചാണ് സി.പി.എം തേക്കടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ ജെ ദേവസ്യാ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷാജിമോന്‍ ശ്രീധരന്‍ നായര്‍, വക്കച്ചന്‍ ആലക്കാപ്പറമ്പില്‍, എന്‍ എസ് പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ സെക്രട്ടറിയെ ഉപരോധിച്ചത്.
കുമളി എസ് ഐ പ്രശാന്ത് പി നായരുടെ നേതൃത്വത്തിലെത്തിയ പൊലിസ് സമരക്കാരുമായി ചര്‍ച്ച നടത്തി. എന്‍ജിന്‍ മാറ്റിയത് സംബന്ധിച്ച് സാങ്കേതിക വിദഗ്ധരെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന് പൊലിസ് ഉറപ്പ് നല്‍കി. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി കെ ബാബുക്കുട്ടി, സജി വെമ്പള്ളില്‍, ടൈറ്റസ് പി ജെ എന്നിവരുടെ നേതൃത്വത്തില്‍ സി.പി.ഐ പ്രവര്‍ത്തകരും പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."